കുംഭമേള ജനുവരി 15ന്

Posted on: January 10, 2019

 

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ കുംഭമേളക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്  നഗരി ഒരുങ്ങിയതായി മന്ത്രി ഡോ. നീല്‍കണ്ഠ് തിവാരി അറിയിച്ചു. കുംഭമേളയില്‍ കേരളവുമായുള്ള സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കേരള ടൂറിസത്തിന്റെ പങ്കാളിത്തം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു.

ജാതി മതഭേദമന്യേ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ഐതിഹാസികമായ മനുഷ്യമഹാസംഗമമായ കുംഭമേളക്ക് ജനുവരി 15ന് പ്രയാഗ്രാജിലെ ത്രിവേണീ സ്നാന ഘട്ടങ്ങളില്‍ തുടക്കമാകും. 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളക്ക് ഔപചാരിക തുടക്കം കുറിക്കും. ഇന്ത്യയുടെ സാസ്‌കാരിക വൈവിധ്യം ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യുന്ന സാംസ്‌കാരകികോല്‍സവമായാണ് കുംഭമേള ആഘോഷിക്കുന്നത്.

192 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും സന്ദര്‍ശകരും ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കും. 71 രാജ്യങ്ങളുടെ പ്രതിനിധികള്‍ ത്രിവേണീ തീരത്ത് തീര്‍ഥാടനത്തിന് മുന്നോടിയായി കൊടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. കുംഭമേളക്കായി പ്രയാഗ് രാജില്‍ 250 കിലോ മീറ്റര്‍ റോഡുകളും 22 പാലങ്ങളും നിര്‍മിച്ച് വലിയൊരു നഗരം തന്നെ സജ്ജമാക്കിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടകരെ എത്തിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. തീര്‍ഥാടനത്തിനൊപ്പം സന്ദര്‍ശകര്‍ക്കായി സാംസ്‌കാരിക വിനോദ പരിപാടികളും ഭക്ഷ്യോത്സവങ്ങളും ടൂറിസം വാക്കും ഒരുക്കുന്നുണ്ട്.

സന്ദര്‍ശകര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും വിവിധ നിലവാരങ്ങളിലുള്ള വിപുലമായ സൗകര്യങ്ങളാണുള്ളത്. 1,22,000 ടോയ്ലറ്റുകള്‍ ഒരുക്കിയിരിക്കുന്നു. കുംഭമേളയുടെ അടുക്കും ചിട്ടയോടുമുള്ള നടത്തിപ്പിന് 116 കോടി ചെലവില്‍ അഞ്ച് മാസം കൊണ്ട് നിര്‍മിച്ച കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് സെന്റര്‍ സജ്ജമായിക്കഴിഞ്ഞു. 1400 സി സി ടി വികളുടെ നീരീക്ഷണത്തിലായിരിക്കും കുംഭ നഗരി.

TAGS: Kumbh Mela |