May 2024
ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്കി കേരള ഐ. ടി കമ്പനി
Posted on: February 11, 2023
കൊരട്ടി : കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ നിന്നുള്ള ആഗോള ഐ. ടി സൊല്യൂഷന് പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (വാക് ), അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്കി.
കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ക്ലിന്റ് ആന്റണി വാഹനം ഏറ്റുവാങ്ങി. 2012ല്‍ ‘വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് ‘ആരംഭിച്ചത് മുതല്‍ കമ്പനിയുടെ വളര്‍ച്ചയിലും വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന ക്ലിന്റ് കമ്പനിയുടെ ആദ്യജീവനക്കാരനായിരുന്നു. നീണ്ട 10 വര്‍ഷത്തിലധികമായി വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നല്കുവാനായി കമ്പനി തിരഞ്ഞെടുത്തത് . ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്നത്തിന്റെ പ്രതിഫലനമായി ചടങ്ങ് മാറി.
‘കഠിനാധ്വാനികളും , അര്‍പ്പണബോധമുള്ളവരുമായ ഒരു മികച്ച ടീമാണ് ഞങ്ങളുടെ കമ്പനിയുടെ നട്ടെല്ല്. ക്ലിന്റ് പ്രാരംഭകാലം മുതലേ ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഇത്രയും ദീര്‍ഘകാലം നീണ്ടുനിന്ന സേവനത്തിനും, വിശ്വസ്തതയ്ക്കും മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് സമ്മാനമായി നല്‍കുന്നത് ഇതിന്റെ ഭാഗമായാണെന്ന് വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സി. ഇ. ഒ യും സ്ഥാപകനുമായ എബിന് ജോസ് പറഞ്ഞു.
2012ല്‍ നാല് പേരുമായി ആരംഭിച്ച വെബ് ആന്‍ഡ് ക്രാഫ്റ്റിന് നിലവില്‍ 320ല്‍ അധികം ജീവനക്കാരുണ്ട് . ഏഷ്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആന്‍ഡ് സൗത്ത് അമേരിക്ക എന്നിവിടങ്ങളിലായി ലോകമെമ്പാടുമുള്ള 650ല്‍ അധികം ക്ലയന്റുകള്‍ക്കായി കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകള്‍, ഇ-കൊമേഴ്സ് ഡെവലപ്മെന്റ്, വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡൈനാമിക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങള്‍ കമ്പനി നല്കുന്നു.
ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ധനകാര്യം, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സേവനങ്ങള്‍ നല്‍കുന്നുണ്ട് , കൂടാതെ ‘ഐകിയ ‘പോലുള്ള ആഗോള ഫോര്‍ച്യൂണ്‍ 500 കമ്പനികളുമായും കേരളത്തില്‍ നിന്നുള്ള ആഗോള വ്യവസായ സ്ഥാപനങ്ങളായ ലുലു, ജോയ് ആലുക്കാസ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത്, സിന്തൈറ്റ്, കെഎസ്എഫ്ഇ, തുടങ്ങിയവയ്ക്കും വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സേവനങ്ങള്‍ നല്കി വരുന്നു.
‘ഞങ്ങളുടെ ജീവനക്കാരുടെ കഠിനാധ്വാനവും സംഭാവനകളും അംഗീകരിക്കുന്നതിനും പ്രതിഫലം നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ നന്ദി പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമായി അവരില്‍ ഒരാള്‍ക്ക് ഈ പ്രത്യേക സമ്മാനം നല്കാന് കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ‘വാക് ‘വൈസ് പ്രസിഡന്റ് ജിലു ജോസഫ് പറഞ്ഞു. കമ്പനിയുടെ മൂല്യങ്ങളുടെയും ജീവനക്കാര്‍ക്കുള്ള അര്‍പ്പണബോധത്തിന്റെയും തെളിവുകൂടിയാണ് ഈ സമ്മാനമെന്ന് ജിലു കൂട്ടിച്ചേര്‍ത്തു.
19 വയസ്സുള്ളപ്പോള്‍ സ്വന്തം സ്ഥാപനം തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സി. ഇ. ഒയാണ് ജന്മനാ ഡിസ്ലക്സിക്ക് ആയ എബിന്. എഞ്ചിനീയറിംഗ് പഠനകാലത്ത് 40-ലധികം വെബ്സൈറ്റുകളുടെ ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഐ. ഐ. എമ്മുകള്‍ പ്രസിദ്ധീകരിച്ച സ്മോള്‍ ബിഗ് ബാംഗ് എന്ന പുസ്തകത്തിലെ ഏറ്റവും പ്രതിഭാസമ്പന്നായ സംരംഭകരുടെ പട്ടികയില്‍ അദ്ദേഹം ഇടം നേടി. കൂടാതെ ഇതോടൊപ്പം ലോസ് ഏഞ്ചല്‍സില്‍ നടന്ന ഐ. സി. എ. എന്‍, എനിന്റെ 51മത് പൊതുയോഗത്തില്‍ യുഎസ് വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്സ്കറുടെ ആഗോള അംഗീകാരവും എബിന് കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്‍ഫോപാര്‍ക്ക് സി. ഇ. ഒ സുശാന്ത് കുറുന്തില്‍, ഇന്‍ഫോപാര്‍ക്ക് കേരള സ്ഥാപക സി. ഇ. ഒ -കെ ജി ഗിരീഷ് ബാബു, വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ മെന്റര്‍ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച് കോര്‍പ്പറേറ്റ് ട്രെയിനര്‍ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
TAGS: Infopark | Mercedes-Benz |
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
കഥകളി പ്രമേയത്തില്‍ ഉപഭോക്തൃ ഇടപെടലൊരുക്കി കണ്ണന് ദേവന്
പൂര നഗരിയില്‍ ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍
ഐസിഐസിഐ ബാങ്ക് കേരളത്തില്‍ സാന്നിധ്യം ശ്കതമാക്കുന്നു
എക്കാലത്തേയും ഉയര്‍ന്ന വില്പനയുമായി മെഴ്സിഡസ് ബെന്‍സ
രാജ്യാന്തര ഡേറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റിന്റെ ഓഫിസ് ഇന്‍ഫോപാര്‍ക്കില്‍
മെഴ്സിഡീസ് ബെന്സിന് മികച്ച നേട്ടം
ഇന്‍ഫോപാര്‍ക്കില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ ജിയോജിത്
ഒറ്റ വര്‍ഷം പത്തിരട്ടിയിലേറെ വരുമാന നേട്ടവുമായി ഇന്‍ഫോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പ്