ആര്‍ബിഐയുടെ ബാങ്കിംഗ് സുരക്ഷാ ക്യാമ്പയിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നേതൃത്വം നല്‍കി

Posted on: November 21, 2022

പാലക്കാട്: ബാങ്കിംഗ് ഉപഭോക്തൃ അവകാശങ്ങള്‍, ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം, സുരക്ഷിത ബാങ്കിംഗ് രീതികള്‍ എന്നിവ സംബന്ധിച്ച് റിസര്‍വ് ബാങ്ക് രാജ്യവ്യാപകമായി നടത്തി വരുന്ന തീവ്ര ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് പാലക്കാട്ട് ടൗണ്‍ഹാള്‍ സംഘടിപ്പിച്ചു. പാലക്കാട് മേലയിലെ വിവിധ ബാങ്കുകളുടെ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ആര്‍ബിഐ സൗത്ത് ഇന്ത്യന്‍ ബാങ്കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

”ബാങ്കിംഗ് ഘടന ശക്തിപ്പെടുത്തുന്നതിനും വിവിധ തലങ്ങളില്‍ ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി റിസര്‍വ് ബാങ്ക് വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഡിജിറ്റൈസേഷന്‍ വ്യാപകമായതും സാങ്കേതികവിദ്യയുടെ മുന്നേറ്റവും പുതിയ മാറ്റങ്ങളും കാരണം ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം ഊര്‍ജിതമാക്കേണ്ടിയിരിക്കുന്നു. ഈ ടൗണ്‍ഹാള്‍ ഇതിനുള്ള ശ്രമങ്ങളിലൊന്നാണ്,” എസ്‌ഐബി എസ്ജിഎം (എച്ച്ആര്‍ & അഡ്മിന്‍) ശ്രീ ആന്റോ ജോര്‍ജ്ജ് ടി പറഞ്ഞു.

ലീഡ് ബാങ്കുമായി (കാനറ ബാങ്ക്) സഹകരിച്ചാണ് ടൗണ്‍ ഹാള്‍ പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ അബ്ബാസ് വി ഇ ഉദ്ഘാടനം ചെയ്തു. ആന്റോ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ശ്രീനാഥ് സംസാരിച്ചു. എല്ലാ ബാങ്കുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചേര്‍ന്ന് ദീപം തെളിച്ചു. കാനറ ബാങ്ക് ചീഫ് മാനേജരും റീജിയണല്‍ ഹെഡുമായ ശ്രീമതി രേണു, കേരള ഗ്രാമീണ് ബാങ്ക് ചീഫ് മാനേജര്‍ ശ്രീമതി പുഷ്പജ, കേരള ബാങ്ക് ജനറല്‍ മാനേജര്‍ ശ്രീ ഉപേന്ദ്ര, ഡിഡിഎം നബാര്‍ഡ് ശ്രീമതി കവിത എന്നിവരും ഉദ്ഘാടന സെഷനില്‍ സംസാരിച്ചു. ഇരുനൂറോളം ഉപഭോക്താക്കള്‍ പങ്കെടുത്തു.

ആര്‍ബിഐയുടെ വിവിധ ഉപഭോക്തൃ സേവന സംരംഭങ്ങളും ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങില്‍ സംസാരിച്ച ബാങ്കിംഗ് രംഗത്തെ പ്രമുഖര്‍ എടുത്തുപറഞ്ഞു.

ആര്‍ബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം, ഉപഭോക്തൃ അവകാശങ്ങള്‍, സേഫ് ബാങ്കിംഗ് രീതികള്‍ എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനു എസ്‌ഐബി കസ്റ്റമര്‍ റിലേഷന്‍സ് നോഡല്‍ ഓഫീസര്‍ ഷൈന്‍ കാപ്പന്‍ നേതൃതം നല്‍കി. സംശയ നിവാരണത്തിന് ചോദ്യോത്തര സെഷനും നടന്നു. എസ്‌ഐബി എജിഎമ്മും റീജനല്‍ ഹെഡുമായ പോളി ഡേവിഡ് നന്ദി പറഞ്ഞു.