ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്

Posted on: January 15, 2024

കോഴിക്കോട്: രണ്ടാമതു ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്. ബൈബിള്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കറ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടന്നുവരുന്ന കേരള ലിറ്ററേചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ നന്ദകുമാര്‍ വി പുരസ്‌കാരം സമ്മാനിച്ചു. സാറാ ജോസഫിനു വേണ്ടി മകള്‍ സംഗീത ശ്രീനിവാസന്‍ ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ വര്‍ഷത്തെ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം മികച്ച എഴുത്തുകാരനായ കെ വേണുവിന്റെ കൃതിക്ക് ലഭിച്ചതു താന്‍ ശ്രദ്ധിച്ചിരുന്നു എന്നും ഈ വര്‍ഷം തന്റെ കറ എന്ന നോവലിന് ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും സാറാ ജോസഫ് അറിയിച്ചു.

കോഴിക്കോട് സോണല്‍ മേധാവി റെജി സി വി പുരസ്‌ക്കാരതുക കൈമാറി. എഴുത്തുകാരന്‍ കെ പി രാമനുണ്ണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ബെന്യാമിന്‍, മനോജ് കുറൂര്‍, ഇ പി രാജഗോപാലന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. ബാങ്കിന്റെ കോഴിക്കോട് റീജിയന്‍ മേധാവി ജോസ് മോന്‍ പി ഡേവിഡ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജി കെ വി നന്ദിയും പറഞ്ഞു.