അഞ്ച് ജീവനക്കാരില്‍ നിന്ന് 5 കോടിയിലധികം വിറ്റു വരവുള്ള ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് സൈബര്‍ പാര്‍ക്ക് കമ്പനി

Posted on: November 29, 2021

കോഴിക്കോട് : സൈബര്‍പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി കോഡ് ഏയ്‌സ് ഐടി സൊലൂഷന്‍സ് വിജയത്തിന്റെ വേറിട്ട പാതയില്‍. 2018ല്‍ ജിജിന്‍, ശരത് എന്നീ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് അഞ്ച് ജീവനക്കാരുമായി ആരംഭിച്ച ഐടി സ്റ്റാര്‍ട്ട് അപ് കോഡ് ഏയ്‌സ് ഐടി സൊലൂഷന്‍സ്, മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം 50 ഉദ്യോഗസ്ഥരും 5 കോടിയിലധികം വിറ്റുവരവിലുമാണ് എത്തി നില്‍ക്കുന്നത്. ബിരുദ പഠന കാലത്തെ പോക്കറ്റ് മണിക്ക് ഫ്രീലാന്‍സായി ചെയ്തു തുടങ്ങിയ ജോലിയില്‍ നിന്നായിരുന്നു തുടങ്ങിവച്ച സ്റ്റാര്‍ട്ട് അപ് കമ്പനിയില്‍ സ്ഥാപകരിലൊരാളായ ജിജിന്റെ കരിയറിന്റെ ഹരിശ്രീ. ഐടി ലോകത്തെ വമ്പന്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഈ പങ്കാളിത്തത്തിന്റെ കഠിനാധ്വാനത്തിനു കഴിഞ്ഞു

‘സൈബര്‍ പാര്‍ക്കില്‍ തുടങ്ങിയ മൊബൈല്‍ ടെന്‍ എക്‌സ് എന്ന കുഞ്ഞു ഹബ്ബില്‍ നിന്നായിരുന്നു ഇന്ന് കാണുന്ന ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചത്. കഠിനാദ്ധ്വാനം, ടീം വര്‍ക്, എന്തും നേടാനുള്ള ആത്മവിശ്വാസം. അതൊക്കെയായിരുന്നു മുന്നോട്ടുള്ള യാത്രയിലെ ഞങ്ങളുടെ വലിയ മൂലധനം. ഈ യാത്രയില്‍ വെല്ലുവിളികളും ഏറെയുണ്ടായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ രാപ്പകലുകള്‍. ഒരിക്കല്‍ പോലും വിപണിയിലുള്ള പ്രോഡക്ടിനെ അടിസ്ഥാനമാക്കി അല്ലായിരുന്നു. 80 ശതമാനവും എസ്.ഇ.ഒ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകളാണ് ഞങ്ങള്‍ കൂടുതലും ആവിഷ്‌ക്കരിച്ചതും ലോകോത്തര കമ്പനികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചതും. പക്ഷേ വിപണിയിലെയും ഐടി ലോകത്തെയും സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് റിസോഴ്‌സുകളുടെ അപര്യാപ്തതകള്‍ക്കിടയിലും മുന്നേറാന്‍ കഴിഞ്ഞു. വര്‍ഷത്തില്‍ 5 കോടിയിലധികം രൂപയുടെ വിറ്റുവരവ് നേടുന്ന നിലയിലേക്കുള്ള കമ്പനിയുടെ വളര്‍ച്ച, ഞങ്ങളുടെ ടീമിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്.’- കോഡ് എയ്‌സ് ഐറ്റി സൊല്യൂഷന്‍ എല്‍ എല്‍ പി ലിമിറ്റഡ് സിഇഒ ജിജിന്‍ മോഹന്‍ പറഞ്ഞു.

‘ ആഡ് ടെക് ഡെവലപ്‌മെന്റ്, ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ്, കണ്ടന്റ് നെറ്റ്‌വര്‍ക്ക്, മാര്‍ക്കറ്റിങ് കണ്‌സല്‍ട്ടിങ്, പരസ്യ വിപണന തന്ത്രങ്ങള്‍ എന്നീ ഐടി-ടെക് ലോകത്തിന്റെ പള്‍സ് അറിയുന്ന സകല മേഖലകളിലും കോഡ് എയ്‌സ് ഐറ്റി സൊല്യൂഷന്‍സിനു സാന്നിധ്യമുണ്ട്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം-ഫിറ്റ്‌നസ്, ലൈഫ് സ്‌റ്റൈല്‍, സാങ്കേതിക വിദ്യ, പേഴ്‌സണല്‍ ഫിനാന്‍സ്, വിനോദം എന്നിവയിലും കമ്പനിയുടെ സേവന സന്നദ്ധരായ ടീമുണ്ട്. ഞങ്ങളുടെ വരുമാനത്തിന്റെ 80 ശതമാനവും എസ്ഇഒ അധിഷ്ഠിത പ്രോജക്റ്റുകളില്‍ നിന്നാണ് ലഭിക്കുന്നത്’ കോഡ് എയ്‌സ് ഐറ്റി സൊല്യൂഷന്‍ എല്‍ എല്‍ പി ലിമിറ്റഡ് സിഒഒ ശരത് കുമാര്‍ പറഞ്ഞു.

ബിസിനസ്‌ഐടി സംരംഭങ്ങളുടെ നടുവൊടിച്ച കോവിഡ് മഹാമാരിക്കാലത്തും കോഡ് എയ്‌സ് ഐറ്റി സൊല്യൂഷന്‍ തങ്ങളുടെ ബിസിനസ്‌തൊഴില്‍ ശൃംഖലകളെ വിപുലീകരിച്ചു എന്നതാണ് ഈ കമ്പനിയെ വേറിട്ടു നിര്‍ത്തുന്നത്. 5 പേരില്‍ തുടങ്ങിയ കമ്പനി ഇന്ന് 50 പേരില്‍ എത്തി നില്‍ക്കുന്നത് ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കമ്പനിയുടെ കരുത്തിന്റെ തെളിവാണ്. ഐടി-ബിസിനസ് രംഗത്ത് പുതിയ അധ്യായമെഴുതിയ കോഡ് ഐടി സൊല്യൂഷന്‍സ് രണ്ടാം ഘട്ടത്തിലേക്കെത്തുമ്പോള്‍ അതിന്റെ വേരുകളും വ്യാപിപ്പിക്കുകയാണ്. കോഴിക്കോട് സൈബര്‍ പാര്‍ക്ക് ക്യാംപസിലെ ബി വണ്‍ സഹ്യ ബിള്‍ഡിങ്ങിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിച്ച് കമ്പനി വിപുലീകരിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

 

TAGS: IT Kerala |