ട്രോമാക്‌സ് 2024 : റോഡ് സുരക്ഷാ ബോധവത്കരണത്തിന് ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: January 13, 2024

കൊച്ചി : ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ട്രോമാക്‌സ് 2024 പ്രചാരണ പരിപാടിക്ക് തുടക്കമായി. അസോസിയേഷന്‍ ഓഫ് ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍സിന്റെ കേരളത്തിലെ ശാഖയും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ക്രാനിയോമാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 11 ന് തുടങ്ങിയ പരിപാടി 14 ന് സമാപിക്കും.

അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുന്നവര്‍ക്കായി നിലവിലുള്ള സമഗ്രപരിചരണപദ്ധതി വിപുലീകരിക്കുന്നതിനായാണ് ട്രോമാക്‌സ് 2024 നടപ്പിലാക്കുന്നത്. ട്രോമ കെയര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനരീതികള്‍ വിശദമായി അവലോകനം ചെയ്യുന്ന തത്സമയ പ്രദര്‍ശനവും വിഡിയോ പ്രസന്റേഷനും പരിപാടിയുടെ ഭാഗമായി നടക്കും. വിവിധതരം ക്ഷതങ്ങളെയും ഒടിവുകളെയും കുറിച്ചും അവയ്ക്കുള്ള ഫലപ്രദമായ ചികിത്സാമാര്‍ഗങ്ങളും ചര്‍ച്ചയാകും.

പ്രായമായവരിലും കുട്ടികളിലും ഉണ്ടാകുന്ന ക്ഷതങ്ങളെ കൈകാര്യം ചെയ്യുന്നതിനായി ചെറുഗ്രൂപ്പുകളായി തിരിഞ്ഞുള്ള വിശദമായ ചര്‍ച്ചകള്‍ക്കും ട്രോമാക്‌സ് 2024 വേദിയാകും. അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന രൂപമാറ്റങ്ങള്‍, അംഗവൈകല്യങ്ങള്‍ എന്നിവയും പ്രധാന വിഷയങ്ങളാണ്.

താടിയെല്ലിനേല്‍ക്കുന്ന ക്ഷതങ്ങള്‍ ഭേദമാക്കാന്‍ വിര്‍ച്വല്‍ ആയി ശസ്ത്രക്രിയകള്‍ പ്ലാന്‍ ചെയ്യേണ്ടതെങ്ങനെ എന്ന ചര്‍ച്ചയും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഇതിനായി ത്രിമാന മോഡലുകളെ ഉപയോഗിച്ച് തത്സമയ വിവരണവും പരിശീലനവും നല്‍കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യമുണ്ടാക്കിയെടുക്കാനും പുതിയ ചികിത്സാരീതികളും അറിവുകളും സ്വായത്തമാക്കാനും ഇവ സഹായിക്കും.