കെഎസ്‌ഐഡിസി വി മിഷൻ കേരള പദ്ധതിക്ക് നാളെ തുടക്കമാകും

Posted on: May 7, 2015

KSIDC-Logo-big

കൊച്ചി : വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കെഎസ്‌ഐഡിസി ആരംഭിക്കുന്ന വി മിഷൻ കേരള പദ്ധതിക്ക് മെയ് 8 ന് തുടക്കം കുറിക്കും. രാവിലെ 10 ന് മലപ്പുറത്ത് ഹോട്ടൽ സൂര്യ റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എംഎൽഎ, കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീന തുടങ്ങിയവർ പങ്കെടുക്കും.

വനിതാസംരംഭകരെ കണ്ടെത്തി അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ ആശയ രൂപീകരണം മുതൽ പദ്ധതി നടപ്പാക്കൽ വരെയുള്ള പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കും. ഇതിനായി അഞ്ചിന കർമപരിപാടിക്കാണ് രൂപം നൽകിയിട്ടുള്ളത്. ഉപദേശ നിർദേശങ്ങൾ ലഭ്യമാക്കുന്നതിനായി മീറ്റ് യുവർ മെന്റർ, വിജയകരമായ യൂണിറ്റുകൾ കാണുന്നതിനുള്ള സീ ടു ഫീൽ, എളുപ്പത്തിലുള്ള സാമ്പത്തിക പിന്തുണയ്ക്ക് സോഴ്‌സ് ദി ഫണ്ട്, ഇൻകുബേഷനിലും അടിസ്ഥാനസൗകര്യങ്ങളിലും പിന്തുണ നൽകുന്ന ലോഞ്ച് ദി വെഞ്ചർ, നെറ്റ് വർക്കിംഗിൽ പിന്തുണ ലഭ്യമാക്കുന്ന മാർക്കറ്റ് കണക്ട് എന്നിവയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

കുടുംബശ്രീ, എംഎസ്എംഇ – ഡിഐസി, സിഐഐ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ ആയിരം വനിതകൾക്ക് മെന്ററിംഗ് നൽകാനാണ് കെഎസ്‌ഐഡിസി ഒരുങ്ങുന്നത്.