വനിതാ സംരംഭകര്‍ക്ക് വി മിഷന്‍ കേരള’ വായ്പ അരക്കോടിയാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്

Posted on: March 9, 2023

തിരുവനന്തപുരം : വനിതാ സംരംഭകര്‍ക്ക് വി മിഷന്‍ കേരള’ വായ്പ അരക്കോടിയാക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് . വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ച് ലക്ഷം വീതം അനുവദിക്കും. വനിതാ സംരംഭകര്‍ക്കായി കെഎസ്‌ഐഡിസി നല്‍കുന്ന ‘വിമിഷന്‍ കേരള’ വായ്പ 50 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് പറഞ്ഞു. വനിതാ സംരംഭക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഇത് 25 ലക്ഷമായിരുന്നു. അഞ്ച് ശതമാനമാണ് പലിശ. മൊറട്ടോറിയം ആറ് മാസത്തില്‍
നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനായി അഞ്ച് ലക്ഷം നല്‍കുന്നത് തിരിച്ചടയ്‌ക്കേണ്ട. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണസംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്‍ഡ് ലഭിക്കും. ബാങ്കുകളില്‍ നിന്ന് വായ്പലഭിക്കാനും പ്രൊജക്റ്റ് റിപ്പോര്‍ട്ട്തയാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. കോഴിക്കോട്ടെ ഇന്‍കുബേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വനിതാ സംരംഭകര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ വാടക 50 ശതമാനം നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ തൊഴില്‍ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തില്‍ പ്രധാനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കായി വനിതാ വികസന വകുപ്പ് പ്രത്യേകം തുക അനുവദിച്ചിട്ടുണ്ടെന്നും എല്ലാജില്ലകളിലും പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഡയറിഫാമുകള്‍ സ്ഥാപിക്കുന്നതിനും മഗസംരക്ഷണ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ധാരാളം സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പിഎംഎഫ്എംഇ പ്രൊമോഷണല്‍ ഫിലിമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

വി.കെ. പ്രശാന്ത് എംഎല്‍എ, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, വ്യവസായ ഡയറക്റ്റര്‍ എസ്. ഹരികിഷോര്‍, കോട്ടയം ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.വി. ലൗലി, വ്യവസായ വാണിജ്യ ഡയറക്റ്ററേറ്റ് അസിസ്റ്റന്റ് ഡയറക്റ്റര്‍ സിമി ചന്ദ്രന്‍, അപര്‍ണ പൊതുവാള്‍, ബിന്‍സി ബേബി, ഫിക്കി പ്രതിനിധി രശ്മിമാക്‌സിം, ടൈ കേരള പ്രതിനിധിസപ്ന ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.