ലാവാ ഇന്റർനാഷണലിന് ഒരു ബില്യൺ ഡോളർ വിറ്റുവരവ്

Posted on: May 7, 2015

Lava-Hari-Om-Rai-big

ന്യൂഡൽഹി : മൊബൈൽഫോൺ നിർമാതാക്കളായ ലാവാ ഇന്റർനാഷണലിന്റെ വിറ്റുവരവ് 2014-15 ൽ ഒരു ബില്യൺ ഡോളർ (6300 കോടി രൂപ) പിന്നിട്ടു. മുൻവർഷത്തേക്കാൾ 100 ശതമാനത്തിലധികം വളർച്ച കൈവരിച്ചതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹരി ഓം റായ് പറഞ്ഞു. ഇക്കാലയളവിൽ 26 ദശലക്ഷം ഹാൻഡ്‌സെറ്റുകളാണ് ലാവാ വില്പന നടത്തിയത്. 2013-14 നെക്കാൾ വില്പനയിൽ മൂന്ന് മടങ്ങ് വളർച്ച നേടി.

ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമാർ, വെസ്റ്റ് ഏഷ്യ, നേപ്പാൾ, തായ്‌ലൻഡ് തുടങ്ങി എട്ട് വിപണികളിൽ ലാവാ സജീവമാണ്. തായ്‌ലൻഡിൽ ഏറ്റവും വില്പനയുള്ള മൂന്ന് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് ലാവാ. അടുത്തയിടെ ഇന്തോനേഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലേക്കും ഹാൻഡ്‌സെറ്റുകളുടെ വില്പന വ്യാപിപ്പിച്ചു. ഉത്പാദനം വർധിപ്പിക്കാൻ ഈ വർഷം 1200 കോടി രൂപ മുതൽമുടക്കുമെന്നും ഹരി ഓം റായ് പറഞ്ഞു.