ഇന്ത്യയിലെ മൊബൈൽ ഫോൺ ഉത്പാദനം 500 ദശലക്ഷത്തിലേക്ക്

Posted on: February 7, 2016

Mobile-Phones-Big-a

ന്യൂഡൽഹി : ഇന്ത്യയിലെ മൊബൈൽ ഫോൺ ഉത്പാദനം രണ്ട് വർഷത്തിനുള്ളിൽ 500 ദശലക്ഷത്തിൽ (50 കോടി) എത്തിയേക്കും. 2015 ൽ മൊബൈൽ ഫോൺ ഉത്പാദനം 100 ദശലക്ഷം (10 കോടി) മായിരുന്നുവെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി ജെ. എസ്. ദീപക് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 500 ദശലക്ഷമായി ഉയരും. ഗവൺമെന്റിന്റെ ഇൻസെന്റീവ് പോളിസിയാണ് മൊബൈൽ ഫോണുകളുടെ നിർമാണം വർധിപ്പിക്കാൻ ഇടയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേക്ക് ഇൻ ഇന്ത്യ പദ്ധതി മൊബൈൽ ഫോൺ നിർമാതാക്കൾക്ക് പ്രോത്സാഹനമായിട്ടുണ്ട്. ലെനോവ, ഷവോമി തുടങ്ങിയ വിദേശ ബ്രാൻഡുകളും മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പ്ലാന്റ് സ്ഥാപിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐഫോണുകൾ നിർമ്മിക്കാൻ ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആപ്പിൾ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ മൊബൈൽ കമ്പനികളും വൻതോതിൽ വികസനം നടപ്പാക്കിവരികയാണ്.

മൈക്രോമാക്‌സ് തെലുങ്കാനയിലെ ഷംസാബാദിൽ മൊബൈൽ നിർമാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പൈസ് ഗ്രൂപ്പ് ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിൽ പ്രതിമാസം 10 ലക്ഷം ബജറ്റ് സ്മാർട്ട് ഫോണുകൾ നിർമ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ലാവ തിരുപ്പതിയിൽ പ്രതിമാസം 5 ദശലക്ഷം മൊബൈൽ ഫോണുകൾ നിർമ്മിക്കാവുന്ന പ്ലാന്റ് സ്ഥാപിച്ചുവരികയാണ്. 500 കോടി രൂപ മുതൽമുടക്കുള്ള പ്ലാന്റ് 2017 ൽ വാണിജ്യോത്പാദനം ആരംഭിക്കും. കാർബൺ മൊബൈൽസ് ഹൈദരാബാദിൽ 450 കോടി രൂപ മുതൽമുടക്കി സ്ഥാപിക്കുന്ന പ്ലാന്റ് ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. പ്രതിമാസം 20 ലക്ഷം ഫോണുകളായിരിക്കും ഹൈദരാബാദ് പ്ലാന്റിലെ ഉത്പാദനം. സെൽകോൺ മൊബൈൽ തെലുങ്കാനയിൽ കഴിഞ്ഞ വർഷം മാനുഫാക്ചറിംഗ് യൂണിറ്റ് തുറന്നിരുന്നു.