ഗിഫ്റ്റ് സിറ്റിയിൽ ഇന്റർനാഷണൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്

Posted on: April 18, 2015

Gift-centre-big

കൊച്ചി : ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ പ്രഥമ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ ആയി ഗുജറാത്തിൽ സ്ഥാപിതമാകുന്ന ഗിഫ്റ്റ് പ്രത്യേക സാമ്പത്തിക മേഖലയിൽ ഇന്റർനാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് ആരംഭിക്കാൻ എൻസിഡിഇഎക്‌സ് (നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച്) തയ്യാറെടുക്കുന്നു.

ഇന്ത്യയിലെ കാർഷിക,സാമ്പത്തിക മേഖലകൾക്ക് ഏറെ ഗുണകരമായ അന്തർദ്ദേശീയ തലത്തിലുള്ള സേവനങ്ങൾക്ക് ഇവിടം വേദിയാകുമെന്ന് ധാരണാ പത്രത്തിൽ ഒപ്പിട്ടശേഷം എൻസിഡിഇഎക്‌സ് എംഡി സമീർ ഷാ പറഞ്ഞു. രാജ്യാന്തര തലത്തിൽ വേരു പടർത്തിയ ഒന്നാംകിട സ്ഥാപനങ്ങളുടെ ശ്രേണിയാണ് ഗിഫ്റ്റ് സിറ്റി യിൽ ഒരുമിക്കുകയെന്ന് ഗിഫ്റ്റ് സിറ്റി എംഡിയും സിഇഒയുമായ രമാകാന്ത് ഝാ അറിയിച്ചു.

ദുബായ്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ സമാന കേന്ദ്രങ്ങളുടെ മാതൃകയിൽ 78,000 കോടി രൂപ മുതൽ മുടക്കി 10 വർഷം കൊണ്ട് പൂർത്തിയാക്കുന്ന പ്രത്യേക സാമ്പത്തിക മേഖല 5 ലക്ഷം പേർക്കു നേരിട്ടും അത്രയും പേർക്ക് പരോക്ഷമായും തൊഴിൽ നൽകും. 62 ദശലക്ഷം ചതുരശ്ര അടി സ്ഥലത്തായാകും നിർമ്മാണം.