അഗ്രി ഓപ്ഷൻസുമായി എൻസിഡിഇഎക്‌സ്

Posted on: January 13, 2018

മുംബൈ : നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് 14 ാം തീയതി മുതൽ ഗ്വാർ വിത്തുകളിൽ ഓപ്ഷൻ ട്രേഡിന് തുടക്കം കുറിക്കും. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പുതിയ ട്രേഡിംഗ് ഉദ്ഘാടനം ചെയ്യും. കർഷകരെ സംബന്ധിച്ചിടത്തോളം എൻസിഡിഇഎക്‌സ് ഓപ്ഷൻ ഒരു നിർണ്ണായക വഴിത്തിരിവാകും. വിളവെടുപ്പ് ഉത്സവമായ മകര സംക്രാന്തി ദിവസമാണ് പുതിയ ട്രേഡിംഗ് ആരംഭിക്കുന്നത്. എൻസിഡിഇഎക്‌സ് തയാറാക്കിയ ട്രേഡ് ഓപ്ഷന് സെബിയുടെ അംഗീകരവുമുണ്ട്.

പുതിയ ഓപ്ഷന് അംഗീകാരം നൽകിയതിൽ സെബിയോട് ഏറെ നന്ദിയുണ്ടെന്ന് എൻസിഡിഇഎക്‌സ് എംഡിയും സിഇഒയുമായ സമീർ ഷാ പറഞ്ഞു. കർഷകർക്ക് മികച്ച വില ലഭ്യമാക്കുന്നതിനും നഷ്ട സാധ്യത കുറക്കുന്നതിനും ഇത് സഹായകരമാകും. ഉത്പന്നങ്ങൾക്ക് വില തകർച്ച ഉണ്ടാകുമ്പോൾ അതിൽ നിന്നും കർഷകരെ രക്ഷിക്കാനും വില ഉയരുകയാണെങ്കിൽ ഏറ്റവും ഉയർന്ന വില തന്നെ നേടുന്നതിനും പുതിയ ട്രേഡിംഗ് സഹായിക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് എൻസിഡിഇഎക്‌സിന്റെ പുതിയ സംരംഭമെന്ന് അഗ്രികൾച്ചർ അറ്റ് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇൻറർനാഷ്ണൽ ഇകണോമിക് റിലേഷൻസ് ചെയർ പ്രഫസർ ഡോ. അശോക് ഗുലാത്തി അഭിപ്രായപ്പെട്ടു.

പുതിയ ട്രേഡിംഗുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രചാരണപരിപാടികൾക്കും എൻസിഡിഇഎക്‌സ് തുടക്കമിട്ടിട്ടുണ്ട്. അഗ്രി ഓപ്ഷനുകളുമായി ബന്ധപ്പെട്ട് കൂടുതൽ അറിയുന്നതിനായി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കാനും എക്‌സ്‌ചേഞ്ചിന് പദ്ധതിയുണ്ട്. ഫെബ്രുവരി, മാർച്ച്. ഏപ്രിൽ എന്നീ മാസങ്ങളിലായിരിക്കും ഓപ്ഷൻ കോൺട്രാക്റ്റുകളുടെ കാലാവധി അവസാനിക്കുന്നത്.