സിയാൽ സമ്മർ ഷെഡ്യൂൾ നിലവിൽ വന്നു

Posted on: March 29, 2015

Cial-new-Logo-big

നെടുമ്പാശേരി : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ (സിയാൽ) സമ്മർ ഷെഡ്യൂൾ (വേനൽക്കാല വിമാന സർവീസ് സമയക്രമം) നിലവിൽ വന്നു. ഈ വർഷം ഒക്ടോബർ 24 വരെ ഇതു പ്രാബല്യത്തിലുണ്ടാകും. പുതിയ സമയക്രമത്തിൽ 1,064 പ്രതിവാര സർവീസുകളുണ്ടാകും. ഇതിനു പുറമെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു തിരിച്ചുവിടുന്ന 196 ഫ്‌ലൈറ്റുകളും മേയ് ഒന്നു മുതൽ കൊച്ചിയിൽ നിന്നു സർവീസ് നടത്തും. നിലവിൽ 1,044 പ്രതിവാര ഫ്‌ലൈറ്റുകളാണ് കൊച്ചിയിലുണ്ടായിരുന്നത്.

പുതിയ സമയക്രമ പട്ടികയിൽ 533 അന്താരാഷ്ട്ര ഫ്‌ലൈറ്റുകളും 531 ആഭ്യന്തര ഫ്‌ലൈറ്റുകളും ഉണ്ടെന്ന് എയർപോർട്ട് ഡയറക്ടർ എ. സി. കെ. നായർ അറിയിച്ചു. കുവൈറ്റ് എയർലൈൻസ് പ്രതിവാര സർവീസുകൾ 14 ൽ നിന്നു 28 ആക്കി. ഫ്‌ളൈ ദുബായ് ആറിൽ നിന്ന് എട്ടാക്കി. എയർ ഏഷ്യ 40 ൽ നിന്നു 42 ആക്കി. എയർ ഇന്ത്യ എക്‌സ്പ്രസ് 72 ൽ നിന്നു 74 ആക്കി. ബംഗലുരുവിൽ നിന്ന് എയർ പെഗാസസ് സർവീസ് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് നിന്നു എമിറേറ്റ്‌സ്, എയർ ഇന്ത്യ, സൗദി അറേബ്യൻ എയർലൈൻസ് എന്നിവയുടെ ഫ്‌ലൈറ്റുകളാണ് കൊച്ചിയിലേക്ക് വിടുന്നത്. ദുബായ്, ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഫ്‌ലൈറ്റുകളാണിവ. കൊച്ചി ഈ വർഷം ഹജ് എംബാർക്കേഷൻ സെന്ററാക്കാനും ആലോചനയുണ്ടെന്നും എ. സി. കെ. നായർ പറഞ്ഞു.