മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് 94 കോടിയുടെ പ്രൈവറ്റ് ഇക്വിറ്റി സമാഹരിച്ചു

Posted on: March 24, 2015

Mahindra-First-Choice-Showr

മുംബൈ : മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സ് (എംഎഫ്‌സിഡബ്ല്യുഎൽ) 94 കോടി രൂപയുടെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് സമാഹരിച്ചു. സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള വാലിയന്റ് കാപ്പിറ്റലാണ് എംഎഫ്‌സിഡബ്ല്യുഎൽ ൽ മൂലധന നിക്ഷേപം നടത്തിയത്.

ഇതു രണ്ടാം തവണയാണ് മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സ് പ്രൈവറ്റ് ഇക്വിറ്റി സ്വീകരിച്ചത്. 2008 ൽ ഡൽഹിയിലെ ഫി കാപ്പിറ്റൽ മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സിൽ നിക്ഷേപം നടത്തിയിരുന്നു. അഞ്ചുവർഷത്തിനുള്ളിൽ 1,800 യൂസ്ഡ് കാർ ഔട്ട്‌ലെറ്റുകളാണ് മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സിന്റെ ലക്ഷ്യം.

പുതിയ വാഹനം വാങ്ങുന്നതുപോലെ ഗുണനിലവാരം ഉറപ്പുവരുത്തി ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുവാൻ സഹായിക്കുന്ന ബിസിനസ് മോഡലിൽ പങ്കാളികളാകാൻ കൂടുതൽപേർ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനിയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.

നേരിട്ട് വാഹനം പരിശോധിച്ച ശേഷമോ, ഓൺലൈനിലൂടെയോ വാങ്ങുവാനുള്ള സൗകര്യം നൽകുന്നുണ്ടെന്ന് കമ്പനി പ്രസിഡന്റ് രാജീവ് ദുബേ അറിയിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോട ഉപയോക്താക്കൾക്ക് വാഹനസംബന്ധമായ കൂടുതൽ വിവരങ്ങളും ആത്മവിശ്വാസത്തോടെ ക്രയവിക്രയം നടത്തുവാനുള്ള അവസരങ്ങളും ഉണ്ടായിരിക്കുമെന്ന് കമ്പനി സി ഇ ഓയും എംഡിയുമായ നാഗേന്ദ്ര ഫല്ലേ അഭിപ്രായപ്പെട്ടു.