ഈസ്‌റ്റേൺ ഗ്രൂപ്പ് പ്രൈവറ്റ് ഇക്വിറ്റി രംഗത്തേക്ക്

Posted on: March 23, 2015

Eastern-Group-CS

കൊച്ചി : ഭക്ഷ്യ, കൃഷി വ്യവസായത്തിലെ തുടക്കക്കാരെ പിന്തുണയ്ക്കാൻ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുമായി ഈസ്റ്റേൺ ഗ്രൂപ്പ്. 125 കോടി രൂപയുടെ ക്യാപ് അലെഫ് ഇന്ത്യൻ മിലേനിയം എസ്എംഇ ഫണ്ടിനെ ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഭാഗമായ മീരാൻ ഫാമിലി ട്രസ്റ്റ് സ്‌പോൺസർ ചെയ്യുമെന്ന് ഗ്രൂപ്പ് ചെയർമാനും സിഐഐ ദക്ഷിണമേഖലാ മേധാവിയുമായ നവാസ് മീരാൻ പറഞ്ഞു. ഭക്ഷ്യ-കാർഷിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനുതകുന്ന കമ്പനികളിൽ 10 മുതൽ 15 കോടി രൂപ വരെയുള്ള നിക്ഷേപമാണ് ഫണ്ടിലൂടെ ഉണ്ടാകുക.

ഭക്ഷ്യ-കാർഷിക, സ്‌പൈസസ് മേഖലകളിൽ ഈസ്റ്റേൺ ഗ്രൂപ്പിനുള്ള അനുഭവജ്ഞാനം ക്യാപ് അലെഫ് ഫണ്ടിനും ഫണ്ട് പിന്തുണയ്ക്കുന്ന യുവസംരംഭകർക്കും ഗുണകരമാകുമെന്ന് ഈസ്റ്റേൺ കോണ്ടിമെന്റസ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും വിദേശത്തും ഭക്ഷ്യ-കാർഷിക മേഖലകളിലും പ്രൈവറ്റ് ഇക്വിറ്റി രംഗത്തും പ്രവർത്തനപരിചയമുള്ള ജോർജ് തോമസ് ആണ് ക്യാപ് അലെഫ് ഫണ്ടിന് നേതൃത്വം നൽകുന്നത്.