മുത്തൂറ്റ് മൈക്രോഫിന്‍ അറ്റാദായം 119.06 ശതമാനം വര്‍ധിച്ചു

Posted on: January 31, 2024

കൊച്ചി : രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസം വാര്‍ഷികാടിസ്ഥാനത്തില്‍ 119.06 ശതമാനം വര്‍ധനവോടെ 124.57 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 56.86 കോടി രൂപയായിരുന്നു. സ്ഥാപനത്തിന്റെ മൊത്തം വായ്പകള്‍ 38.64 ശതമാനം വര്‍ധനവോടെ 11,458.14 കോടി രൂപയിലെത്തി. 71.97 ശതമാനം വര്‍ധനവോടെ 182.31 കോടി രൂപയുടെ പ്രീ-പ്രൊവിഷന്‍ പ്രവര്‍ത്തന ലാഭവും കമ്പനി കൈവരിച്ചിട്ടുണ്ട്.

സ്ഥാപനത്തിന്റെ വായ്പക്കാരുടെ എണ്ണം 1424 ശാഖകളിലായി 32.78 ലക്ഷമാണ്. ആകെ വരുമാനം 52.61 ശതമാനം വര്‍ധനവോടെ 584.83 കോടി രൂപയിലുമെത്തി. കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ത്രൈമാസാടിസ്ഥാനത്തില്‍ 12 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 49 ശതമാനവും വളര്‍ന്ന് 112,049.2 ദശലക്ഷം രൂപയിലെത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലാവും തങ്ങള്‍ ശ്രദ്ധ പതിപ്പിക്കുകയെന്നും, എല്ലാ പ്രദേശങ്ങളിലും സേവനമെത്തിക്കുന്ന കമ്പനി വരും മാസങ്ങളിലേക്കായി തന്ത്രപരമായ വികസന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.

സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ നവീനമായതും ഓരോരുത്തര്‍ക്കും സവിശേഷമായതുമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും തങ്ങള്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ ത്രൈമാസാടിസ്ഥാനത്തില്‍ അഞ്ചും വാര്‍ഷികാടിസ്ഥാനത്തില്‍ 39 ശതമാനം വളര്‍ന്നിട്ടുണ്ടെന്നും മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.