എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബോയിംഗ് 737 മാക്‌സ്-8 എയര്‍ക്രാഫ്റ്റുകള്‍ എത്തുന്നു

Posted on: October 2, 2023

കൊച്ചി : രണ്ട് പുതിയ ബോയിംഗ് 737 മാക്‌സ്-8 എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എയര്‍ ഇന്ത്യ ഗ്രൂപ്പ് ബോയിംഗിന് നല്‍കിയ വന്‍ ഓര്‍ഡറില്‍ നിന്നുള്ള ആദ്യ വിമാനങ്ങളാണ് ഇവ. വാഷിംഗ്ടണിലെ ബോയിംഗ് കേന്ദ്രത്തില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ബോയിംഗ് 737 മാക്‌സ്-8 എയര്‍ക്രാഫ്റ്റുകളുടെ ഡെലിവറി എടുത്തത്.

ഇന്ധനക്ഷമതയുള്ളതും സാങ്കേതികമായി ഏറെ പുരോഗമിച്ചതുമായ ബോയിംഗ് 737-8 എയര്‍ക്രാഫ്റ്റുകള്‍ അതിന്റെ മികച്ച പ്രകടനത്തിനും യാത്രസുഖത്തിനും പേരുകേട്ടതാണ്. ഇത് അതിഥികളുടെ യാത്രാനുഭവം ഏറെ മെച്ചപ്പെടുത്തുമെന്നതില്‍ സംശയം വേണ്ട. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അതിന്റെ ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് വിപുലീകരിക്കാന്‍ പുതിയ വിമാനങ്ങളുടെ വരവ് സഹായകമാകും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൂടുതല്‍ സുസ്ഥിരമായ പ്രവര്‍ത്തനത്തിനുള്ള നിര്‍ണായകമായ ചുവടുവയ്പാണ് പുതിയ 737 മാക്‌സ്-8 എയര്‍ക്രാഫ്റ്റുകള്‍. അതിന്റെ നൂതന സാങ്കേതിക വിംഗ് ലെറ്റുകളും കാര്യക്ഷമതയുള്ള എഞ്ചിനുകളും ഉപയോഗിച്ച് ഇന്ധന ഉപയോഗത്തിലും എമിഷനിലും 20 ശതമാനം കുറവ് കൈവരിക്കാന്‍ കഴിയും. കൂടാതെ പഴയ മോഡലുകളെ അപേക്ഷിച്ച് ശബ്ദമലിനീകരണത്തില്‍ 50 ശതമാനം കുറവും ഉണ്ട്. കൂടാതെ എയര്‍ഫ്രെയിം പരിപാലന ചെലവില്‍ 14 ശതമാനത്തോളം കുറവും വാഗ്ദാനം ചെയ്യുന്നുണ്ട്.

എയര്‍ ഏഷ്യ ഇന്ത്യയുമായുള്ള ലയനത്തിനു ശേഷമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മാറ്റത്തിന്റെ മാര്‍ഗരേഖ നേരത്തെ അവതരിപ്പിച്ചിരുന്നു. രണ്ട് എയര്‍ലൈനുകളും അവരുടെ സംയുക്തശൃംഖലയിലുള്ള നൂറിലധികം റൂട്ടുകളിലെ യാത്രക്കാര്‍ക്കായുള്ള ഇന്റര്‍ലൈന്‍ അറേഞ്ച്‌മെന്റുകളും ആരംഭിച്ചു. രണ്ട് എയര്‍ലൈനുകള്‍ക്കുമായുള്ള 56 വിമാനങ്ങളിലൂടെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായുള്ള 44 ലക്ഷ്യസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. 250 ലധികം റൂട്ടുകളിലാണ് സര്‍വീസ്. അന്തിമ ലയനത്തിനു മുമ്പു തന്നെ ഇരു എയര്‍ലൈനുകളും അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും സംയോജിപ്പിച്ചിരുന്നു. ഇതില്‍ ഗൊര്‍മേര്‍ ഇന്‍-ഫ്‌ളൈറ്റ് ഡൈനിംഗ് മെനു, എക്‌സ്പ്രസ് പ്രൈം സീറ്റിംഗ്, എക്‌സ്പ്രസ് എഹെഡ് പ്രയോറിറ്റി സര്‍വീസസ് എന്നിങ്ങനെ അതിഥികളുടെ മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്താന്‍ ഉതകുന്ന സേവനങ്ങള്‍ ഉള്‍പ്പെടുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്കും എയര്‍ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകള്‍ സംയോജിത വെബ്‌സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യാനാകും. കൂടാതെ യാത്രക്കാര്‍ക്ക് ഈ വെബ്‌സൈറ്റു വഴി സേവനങ്ങള്‍ ആവശ്യപ്പെടാനും ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ റൂട്ടുകളിലേക്കുള്ള ചെക്ക് ഇന്‍ സാധ്യമാക്കാനും സാധിക്കും.