യൂസഫലി ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് ഒന്നരക്കോടി രൂപയുടെ സഹായം കൈമാറി

Posted on: September 4, 2023

തിരുവനന്തപുരം : ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് ഒന്നരക്കോടി രൂപയുടെ സഹായം കൈമാറി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ മുതുകാടിന് വേദിയില്‍ ചെക്ക് നല്‍കി.

ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും ആര്‍ട്‌സ് സെന്ററിന് ഒരു കോടി രൂപ തന്റെ സംഭാവനയായി ഉണ്ടാകുമെന്ന ഉറപ്പും നല്‍കി. ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിര്‍മിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോപ്രകാശനത്തിനെത്തിയതായിരുന്നു യൂസഫലി. കാസര്‍കോട്ടെ ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന് എല്ലാ സഹകരണവും യൂസഫലി വാഗ്ദാനം ചെയ്തു.

രാജ്യാന്തര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസകേന്ദ്രം, ആധുനിക തെറപ്പി യുണിറ്റ് എന്നിവ ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായുണ്ടാകും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ ഒട്ടേറെ കുട്ടികള്‍ക്ക് ആശ്രയമാകുന്നതരത്തിലാണു കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു ഗോപിനാഥ് മുതുകാട് പറഞ്ഞു.