അമ്മമാര്‍ക്കായി എം.എ. യൂസഫലി നിര്‍മിച്ചു നല്‍കുന്ന 15 കോടിയുടെ മന്ദിരം പത്തനാപുരത്ത്

Posted on: September 3, 2022

കൊല്ലം : പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാര്‍ക്ക് സുഖസൗകര്യങ്ങളോടെ താമസിക്കുവാന്‍ താന്‍ നിര്‍മിച്ചുനല്‍കുന്ന ബഹുനില മന്ദിരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സന്ദര്‍ശിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ട്രസ്റ്റി പ്രസന്ന രാജന്‍,വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഗാന്ധിഭവന്‍
ഭാരവാഹികള്‍ക്കൊപ്പം കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം, പാവപ്പെട്ട മൂന്ന് അമ്മമാര്‍ ചേര്‍ന്നായിരിക്കും ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക എന്നറിയിച്ചു.

അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണന്നും തന്റെ ഉമ്മ പറഞ്ഞിട്ടുള്ളതുപോലെ അമ്മമാരെ നോക്കണമെന്നത് തന്റെ കടമയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യമായി ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ അമ്മമാരെ കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചു. വിവാഹം കഴിക്കാത്ത 15 അമ്മമാരേ ഇവിടെയുള്ളൂ. ബാക്കിയെല്ലാവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. അവരെയോര്‍ത്ത് പല രാത്രികളിലും ഉറങ്ങാനായില്ല.

ഗാന്ധിഭവനിലെ സ്ഥലപരിമിതി ബോധ്യപ്പെട്ടു. പാവപ്പെട്ട അമ്മമാര്‍ ജീവിതസായന്തനത്തില്‍ എല്ലാസുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്ന ചിന്തയിലാണ് ഗാന്ധിഭവനില്‍ ഒരു മന്ദിരം നിര്‍മ്മിച്ചു നല്‍കണമെന്ന് തീരുമാനിച്ചത്. അദ്ദേഹംപറഞ്ഞു. മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളെ നന്നായി ബോധ്യപ്പെടുത്തണം. മക്കളുപേക്ഷിക്കുന്ന അമ്മമാരുടെ അവസ്ഥ കഷ്ടമാണ്. അത്തരം നിസംസ്‌കാരം സമൂഹം ശീലിക്കുന്നത് ആശങ്കാജനകമാണ്. ഞാന്‍ കെട്ടിടം പണിതതിന്റെ പേരില്‍ അമ്മമാരെ ഇവിടെ കൊണ്ടുവന്നു തള്ളാമെന്ന ചിന്താഗതിയും ആര്‍ക്കും ഉണ്ടാകരുത്- അദ്ദേഹം വ്യക്തമാക്കി.

15 കോടിയോളം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂന്നുനില മന്ദിരത്തില്‍ രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസകര്യങ്ങള്‍, പൊതുവായപ്രാര്‍ഥനാ ഹാള്‍, മൂന്നു മ
തസ്ഥര്‍ക്കും പ്രത്യേകം പ്രത്യേകം പ്രാര്‍ഥനാ മുറികള്‍, ഡൈനിങ് ഹാളുകള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണ സംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറി,തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിവയെല്ലാമുണ്ട്. മന്ദിരത്തില്‍
300 പേര്‍ക്കു താമസിക്കാം. ഇതിലേക്കാവശ്യമായ കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങി എല്ലാ ഉപകരണങ്ങളും ഒരുക്കി. ഇതിനു പുറമെ ആറുവര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി ഏഴരക്കോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്.