കാമരാജർ തുറമുഖം വഴി ടൊയോട്ട കാർ കയറ്റുമതി ചെയ്യും

Posted on: March 4, 2015

Kamarajar-Port-big

ചെന്നൈ : തമിഴ്‌നാട്ടിലെ കാമരാജർ തുറമുഖം വഴി കാറുകൾ കയറ്റുമതി ചെയ്യാൻ ടൊയോട്ട കിർലോസ്‌കർ മോട്ടോറും കാമരാജർ പോർട്ടും തമ്മിൽ ധാരണയായി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഒരു ലക്ഷം കാറുകൾ കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയുടെയും സഹമന്ത്രി പൊൻ രാധാകൃഷ്ണന്റെയും സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

കാമരാജർ തുറമുഖത്തെ ജനറൽ കാർഗോ ബെർത്തിൽ അടുക്കുന്ന കപ്പലുകളിലേക്ക് കാറുകൾ ഓടിച്ചുകയറ്റാമെന്നതാണ് പ്രത്യേകത. 12,000 കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് യാർഡും ഇവിടെയുണ്ട്. നിസാൻ, ഫോർഡ്, റിനോൾട്ട്, അശോക് ലേലാൻഡ് തുടങ്ങിയ കമ്പനികൾ കഴിഞ്ഞ നാലു വർഷത്തിനിടെ കാമരാജർ തുറമുഖം വഴി ഏഴ് ലക്ഷം വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്.