ഷെവർലെ ട്രെയ്ൽബ്ലേസർ എസ്‌യുവി വരുന്നു

Posted on: February 17, 2015

Chevy-TrailBlazer-big

കൊച്ചി : ഷെവർലെ ഈ വർഷം ട്രെയ്ൽബ്ലേസർ എസ് യു വിയും 2016 ൽ വിവധോദ്ദേശ്യ വാഹനമായ സ്പിൻ എം പി വിയും പുറത്തിറക്കും. ബാങ്കോക്കിൽ ജി എം ഇന്ത്യ ഡീലർമാരുടെ വാർഷിക സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ട്രെയ്ൽബ്ലേസർ തുടക്കത്തിൽ തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യും. ഉത്പന്നനിര വർധിപ്പിച്ചും ഗുണനിലവാരം ഉയർത്തിയും ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ഉറപ്പാക്കുന്നതിന് അതീവ ശ്രദ്ധയാണു ചെലുത്തിവരുന്നതെന്ന് ജി എം ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അരവിന്ദ് സാക്‌സേന പറഞ്ഞു.

ജി എം ഇന്ത്യ 2015 ൽ 40 രാജ്യങ്ങളിലേക്കായി 19,000 കാറുകൾ കയറ്റി അയക്കാൻ ലക്ഷ്യമിടുന്നു. ഇവയിൽ ഭൂരിഭാഗവും മെക്‌സിക്കോ, ചിലി എന്നിവിടങ്ങളിലേക്കായിരിക്കും. 2014 സെപ്റ്റംബറിലാണ് കാറുകളുടെ കയറ്റുമതി ആരംഭിച്ചത്. കഴിഞ്ഞ വർഷം 984 വാഹനങ്ങൾ കയറ്റി അയച്ചു. ഈ രംഗത്ത് വളർച്ച കൈവരിക്കാൻ അടിസ്ഥാനഘടകങ്ങൾ ഉറപ്പാക്കുമെന്ന് ജനറൽ മോട്ടേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്റർനാഷണൽ പ്രസിഡന്റുമായ സ്റ്റെഫാൻ ജെക്കോബി പറഞ്ഞു.