ബാങ്ക് ഓഫ് മഹാരാഷ്ട്ര കേരളത്തില്‍ 50 ബ്രാഞ്ചുകള്‍ കൂടി തുടങ്ങുന്നു

Posted on: June 14, 2022

കൊച്ചി : ബാങ്ക് ഓഫ് മഹാരാഷ്ട്ര കേരളത്തില്‍ ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. അടുത്ത മാസം അവസാനത്തോടെ കേരളത്തില്‍ എട്ട് പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും. ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍,ചങ്ങനാശേരി, പാലാ , കോലഞ്ചേരി, മൂവാറ്റുപുഴ, വടകര, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ഉടന്‍ ബ്രാഞ്ചുകള്‍ ആരംഭിക്കും. ലക്ഷദ്വീപില്‍ രണ്ട് ബ്രാഞ്ചുകള്‍ ഉടന്‍ തുറക്കും. നടപ്പ് സാമ്പത്തികവര്‍ഷം അവസാനത്തോടെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് മുന്‍പായി കുറഞ്ഞത് 60 ബ്രാഞ്ചുകള്‍ കേരളത്തിലുണ്ടാകുമെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ. എസ് രാജീവ് പറഞ്ഞു. നിലവില്‍ 23 ബ്രാഞ്ചുകളാണ് കേരളത്തില്‍ ബാങ്കിനുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 ബ്രാഞ്ചുകള്‍ ആരംഭിച്ചിരുന്നു. ലക്ഷദ്വീപിലും ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് വളര്‍ച്ചയും ബ്രാഞ്ച് വികസനവും ലക്ഷ്യമിട്ട് മേഖലാ ഓഫീസും കൊച്ചിയില്‍ തുറന്നിട്ടുണ്ട്.

25-30% വരെ ബിസിനസ് വളര്‍ച്ചയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്ക് ഓഫ് മഹാരാഷ്ട്ര കേരളത്തില്‍ ലക്ഷ്യമിടുന്നത്. നിലവില്‍, ബാങ്കിന് സംസ്ഥാനത്ത് 5137 കോടി രൂപയുടെ ആകെ ബിസിനസ്സ് ഉണ്ട്. കാസ, റീട്ടെയില്‍ അഡ്വാന്‍സ്, എം.എസ് എം.ഇ, കോര്‍പ്പറേറ്റ് അഡ്വാന്‍സസ് എന്നിവയിലാണ് ബാങ്ക് കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. ഹോം ലോണ്‍, കാര്‍ ലോണ്‍, വിദ്യാഭ്യാസ ലോണ്‍, ഗോള്‍ഡ് ലോണ്‍ എന്നിവയ്ക്ക് മികച്ച നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പലിശനിരക്കില്‍ ഇളവോടെ എം എസ് എം ഇകള്‍ക്കായി പ്രത്യേക വായ്പാ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ വായ്പ കൂടുതല്‍ മെച്ചപ്പെടുത്തും.

2021-22 സാമ്പത്തിക വര്‍ഷത്തിലെ എല്ലാ പ്രധാന ബിസിനസ് ഘടകങ്ങളിലും പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനത്താണ്. 31.03.2023-ഓടെ 4.25 ലക്ഷം കോടിയും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5.25 ലക്ഷം കോടിയുമാണ് ബാങ്കിന്റെ കോര്‍പ്പറേറ്റ് ലക്ഷ്യം.

കേരള സോണല്‍ മാനേജര്‍ അരുണ്‍ വിജയന്‍, ഡെപ്യുട്ടി സോണല്‍ മാനേജര്‍ ഷിബു ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.