ഏറ്റെടുക്കൽ : ബ്ലാക്ക്‌ബെറിയും സാംസംഗും നിഷേധിച്ചു

Posted on: January 15, 2015

BlackBerry-Passport-big

ബ്ലാക്ക് ബെറിയെ 7.5 ബില്യൺ ഡോളറിന് (46,000 കോടി രൂപ) സാംസംഗ് ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത ഇരു കമ്പനികളും നിഷേധിച്ചു. സാംസംഗുമായി ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ബ്ലാക്ക്‌ബെറി ലിമിറ്റഡ് വ്യക്തമാക്കി. വാർത്ത അടിസ്ഥാനരഹിതമെന്നാണ് സാംസംഗ് ഇലക്ട്രോണിക്‌സ് വക്താവ് വിശേഷിപ്പിച്ചത്.

ഏറ്റെടുക്കലിന് അനുമതി തേടി ആരും കനേഡിയൻ ഗവൺമെന്റിനെ സമീപിച്ചിട്ടില്ലെന്ന് കനേഡിയൻ വ്യവസായമന്ത്രി ജയിംസ് മൂറും വിശദീകരിച്ചു. അതേസമയം ബ്ലാക്ക്‌ബെറി ഓഹരിക്ക് 13.35-15.49 ഡോളർ പ്രകാരം 7.5 ബില്യൺ ഡോളർ സാംസംഗ് ഓഫർ ചെയ്തുവെന്നാണ് പുറത്തുവരുന്നത്. അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ബ്ലാക്ക്‌ബെറി ഓഹരികളുടെ വില 30 ശതമാനത്തിനടുത്ത് വർധിച്ചു. ബ്ലാക്ക്‌ബെറിയുടെ ഓഹരികളിൽ ഗണ്യമായ പങ്കും പ്രേം വാട്‌സയുടെ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ നിയന്ത്രണത്തിലാണ്.