ഫെയർ ഫാക്‌സ് കാത്ത്‌ലിക് സിറിയൻ ബാങ്കിൽ 1000 കോടിയുടെ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: November 30, 2016
കാത്ത്‌ലിക് സിറിയൻ ബാങ്ക് ചെയർമാൻ എസ്. സന്താനകൃഷ്ണൻ കൊച്ചിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു. ബാങ്കിന്റെ നിയുക്ത ചെയർമാൻ ടി. എസ്. അനന്തരാമൻ, മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആർ. രാജേന്ദ്രൻ എന്നിവർ സമീപം.

കാത്ത്‌ലിക് സിറിയൻ ബാങ്ക് ചെയർമാൻ എസ്. സന്താനകൃഷ്ണൻ കൊച്ചിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു. ബാങ്കിന്റെ നിയുക്ത ചെയർമാൻ ടി. എസ്. അനന്തരാമൻ, മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആർ. രാജേന്ദ്രൻ എന്നിവർ സമീപം.

കൊച്ചി : പ്രേം വാട്‌സയുടെ ഫെയർ ഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് കാത്ത്‌ലിക് സിറിയൻ ബാങ്കിൽ 1000 കോടിയുടെ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു. എന്നാൽ അന്തിമ തീരുമാനം റിസർവ് ബാങ്കിന്റേതാണ്. ഈ നിക്ഷേപം ബാങ്കിന്റെ പ്രവർത്തനത്തിൽ ഘടനാപരമായ വ്യത്യാസവും ഉണ്ടാക്കില്ലെന്നും ബാങ്കിന്റെ ആസ്ഥാനം തൃശൂരിൽ നിന്ന് മാറ്റില്ലെന്നും സി എസ് ബി ചെയർമാൻ എസ്. സന്താനകൃഷ്ണനും നിയുക്ത ചെയർമാൻ ടി. എസ്. അനന്തരാമനും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി. വി. ആർ. രാജേന്ദ്രനും പത്രസമ്മേളനത്തിൽ പറഞ്ഞു.

ബാങ്കിന്റെ മൂലധന വിപുലീകരണത്തിന് 1000 കോടി രൂപയെങ്കിലും വേണ്ടി വരും. ഇതിനിടെയാണ് ഫെയർ ഫാക്‌സ് 51 ശതമാനം ഓഹരി പങ്കാളിത്തം നേടാൻ റിസർവ് ബാങ്കിൽ നിന്നും അനുമതി നേടിയതായി വാർത്തകൾ പ്രചരിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും ബാങ്കിന് ആർബിഐയിൽ നിന്നും ലഭിച്ചിട്ടില്ലെന്നും സന്താനകൃഷ്ണൻ പറഞ്ഞു.

ഫെയർഫാക്‌സിന് 51 ശതമാനം ഓഹരികൾ നൽകിയാലും വോട്ടവകാശം 15 ശതമാനമായി നിജപ്പെടുത്തും. ബാങ്കിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായ പ്രവാസി വ്യവസായി എം. എ. യൂസഫലിയെ ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ബാങ്കിന്റെ ആസ്ഥാനം തൃശൂരിൽ നിന്ന് മാറ്റുമെന്ന ആശങ്കയാണ് അദേഹം പ്രകടിപ്പിച്ചിട്ടുള്ളത്.

ഫെയർഫാക്‌സുമായുള്ള ഇടപാട് നടപ്പ് സാമ്പത്തിക വർഷം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് ബാങ്ക് ഓഹരികൾ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.