ദിശാബോധമുള്ള പോസിറ്റീവ് ബജറ്റ് : വി.കെ മാത്യൂസ്

Posted on: February 2, 2021

തിരുവനന്തപുരം: ഇന്നത്തെ സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ കേന്ദ്രബജറ്റ് പോസിറ്റീവും ദിശാബോധമുള്ളതുമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ ശ്രീ വി.കെ മാത്യൂസ് പറഞ്ഞു.

ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം ഡിമാന്‍ഡ് വര്‍ധിപ്പിക്കുക എന്നതാണ്. അടിസ്ഥാന വികസന മേഖലയില്‍ കാര്യമായ ഗവ. വിഹിതത്തിലൂടെ ഇതിനുള്ള മറുപടി ബജറ്റിലുണ്ട്.

ഓഹരി വില്പനയില്‍ സുചിന്തിതമായ നീക്കമാണ് ഇത്തവണ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് മാത്യൂസ് ചൂണ്ടിക്കാട്ടി. ഇതിനായി ഒരു സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചുവെന്നുമാത്രമല്ല സംസ്ഥാനങ്ങള്‍ ഇതിനു തയാറാവുകയാണെങ്കില്‍ അവര്‍ക്കും ഇതിന്റെ ആനുകൂല്യം നല്‍കും. ഇപ്പോഴത്തെ മൂലധന വിപണിയനുസരിച്ചാണെങ്കില്‍ സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാനുള്ള സാധ്യതയേറെയാണ്.

ഓഹരിവില്പന ധനസമാഹരണത്തെ സഹായിക്കുമെന്നു മാത്രമല്ല സ്ഥാപനം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈവേകളുടെയും തുറമുഖങ്ങളുടെയും ആസ്തി പണമാക്കുന്നതും ശരിയായ ദിശയിലുള്ള നീക്കമാണ്. ആസ്തികള്‍ നിഷ്‌ക്രിയമായി ആദായം നല്‍കാതെ അവശേഷിച്ചാല്‍ രാജ്യത്തിന് ഒന്നും നേടാനാവില്ല. കാര്‍ഷിക പരിഷ്‌കാരങ്ങള്‍, മനുഷ്യശേഷി വികസനം, നൂതനത്വം, ഗവേഷണ വികസനം എന്നിവ നല്ല കാര്യങ്ങളാണ്.

എന്നാല്‍ ബജറ്റ് നികുതി പരിഷ്‌കരണത്തെക്കുറിച്ച് നിശബ്ദമാണെന്ന് ശ്രീ മാത്യൂസ് ചൂണ്ടിക്കാട്ടി. വ്യക്തികളുടെ കൈയില്‍ പണം വന്നുചേര്‍ന്നാല്‍ മാത്രമെ ഉപഭോഗമുണ്ടാവുകയുള്ളു. കൂടുതല്‍ സാമ്പത്തിക പ്രക്രിയകള്‍ക്കുവേണ്ടി പ്രവാസികളുടെ സമ്പത്ത് വിനിയോഗിക്കുന്നതിനെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. അവരുടെ സമ്പത്ത് ഇന്ത്യയില്‍ വിനിയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയാണ് വേണ്ടത്. ഹോട്ടല്‍-ടൂറിസം വ്യവസായങ്ങള്‍ ഇപ്പോള്‍ ദുരിതത്തിലാണ്. അവയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളൊന്നും അതതു മേഖലകളിലില്ല.

കേരളത്തിന് ഏറെ പ്രയോജനപ്രദമാണ് ഈ ബജറ്റ്. 1100 കിലോമീറ്റര്‍ ഹൈവേ വികസനത്തിനായി മാറ്റിവച്ചിരിക്കുന്നത് 65,000 കോടി രൂപയാണ്. മധുര-കൊല്ലം ദേശീയപാതയും ഇതില്‍ പെടും. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ രണ്ടാംഘട്ടത്തിനുള്ള വിഹിതം 1957കോടി രൂപയാണ്. മാത്രമല്ല, കൊച്ചിയെ തുറമുഖ ഹബ് ആക്കിയിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.