കെടിഎം വെർച്വൽ മാർട്ട് നവംബർ 23 ന്

Posted on: September 17, 2020

തിരുവനന്തപുരം : കേരള ട്രാവൽ മാർട്ട് കൊവിഡ്19 ഭീഷണിയുടെ പശ്ചാത്തലത്തിൽ വെർച്വൽ മാർട്ടായി നവംബറിൽ നടത്തുന്നമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസത്തിലൂടെ വികസനത്തിന്റെ പാതയിലേക്ക് സംസ്ഥാനം നടത്തുന്ന തിരിച്ചുവരവിനുള്ള വാതായനമാകും കെടിഎം വെർച്വൽ മാർട്ട്. നവംബർ 23 മുതൽ 27 വരെയാണ് വെർച്വൽ കെടിഎം നടത്തുന്നത്. 500- ലധികം സെല്ലേഴ്സിനെ മാർട്ടിൽ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2500 ഓളം ബയേഴ്സിനെയാണ് വെർച്വൽ മീറ്റിൽ പ്രതീക്ഷിക്കുന്നത്. ജനുവരി – ഫെബ്രുവരിയോടെ ടൂറിസം രംഗം സജീവമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ട് കൊല്ലത്തിലൊരിക്കലാണ് കേരള ട്രാവൽ മാർട്ട് നടക്കുന്നത്. പ്രളയത്തിനു ശേഷം ടൂറിസം മേഖലയിലുണ്ടായിരുന്ന വലിയ ആശങ്ക ദൂരീകരിക്കാൻ 2018ൽ കേരള ട്രാവൽ മാർട്ടിനു കഴിഞ്ഞിരുന്നു. കെടിഎമ്മിനെത്തിയ ബയർമാരിൽനിന്ന് കേരളത്തിന് നേരിട്ട കെടുതികളെക്കുറിച്ച് മറച്ചുവെക്കുകയല്ല മറിച്ച് പ്രളയബാധയിൽ നിന്നും മുക്തമാകുവാൻ കേരളത്തിലെ ടൂറിസം വ്യവസായം നൽകിയ സംഭാവനകൾ അവരെ നേരിട്ട് മനസിലാക്കി കൊടുക്കുകയാണ് ചെയ്തത്. ഇതു വഴി കേരളത്തിലെ ടൂറിസം വ്യവസായത്തിന് ലഭിച്ച സൽപ്പേര് ഇവിടെയെത്തിയ അതിഥികൾ വഴി ലോകത്തെങ്ങും പ്രചരിക്കുന്ന സാഹചര്യമുണ്ടായി.

മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് കേരള ട്രാവൽ മാർട്ടിന്റെ കഴിഞ്ഞ ലക്കത്തിൽ നടന്നത്. വിദേശ ബയർമാരുമായി പതിനയ്യായിരത്തോളം കൂടിക്കാഴ്ചകളാണ് നടന്നത്. ആഭ്യന്തര ബയർമാരുമായി 20,000 കൂടിക്കാഴ്ചകൾ നടന്നു. 7000 അപേക്ഷകളിൽ നിന്നാണ് 1600 ഓളം ബയർമാരെ തെരഞ്ഞെടുത്തത്.