സിഡ്‌നിയിൽ ബന്ദിയാക്കപ്പെട്ടവരിൽ ഇൻഫോസിസ് ജീവനക്കാരനും

Posted on: December 15, 2014

Sydney-Lindt-Big

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ലിന്റ് ചോക്കലേറ്റ് കഫേയിൽ അജ്ഞാതനായ തോക്കുധാരി ബന്ദികളാക്കിയവരിൽ ഇൻഫോസിസ് ജീവനക്കാരനും ഉൾപ്പെടുന്നു. ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇൻഫോസിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

10 ജീവനക്കാരും 30 ഇടപാടുകാരുമാണ് ഇന്നു രാവിലെ മാർട്ടിൻ പാലസിലെ കഫേയിലുണ്ടായിരുന്നത്. ഇവരിൽ അഞ്ചു പേർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സിഡ്‌നിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. കോൺസുലേറ്റിൽ നിന്നും 400 മീറ്റർ അകലെയാണ് ലിന്റ് കഫേ. ആക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബട്ടുമായി സംസാരിക്കണമെന്ന് തോക്കുധാരി ആവശ്യപ്പെട്ടിട്ടുണ്ട്. ഐ എസ് പതാക വേണമെന്ന ആവശ്യവും തോക്കുധാരി മുന്നോട്ടുവച്ചിട്ടുണ്ട്. നഗരത്തിലെ നാലു കേന്ദ്രങ്ങളിൽ ബോംബുവച്ചിട്ടുണ്ടെന്നും തോക്കുധാരി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 12 മണിക്കൂറുകൾ കഴിഞ്ഞിട്ടും അക്രമിയെക്കുറിച്ചോ ബന്ദികളെക്കുറിച്ചോ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.