എസ് ബി ഐ ജീവനക്കാര്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി രൂപ നല്‍കും

Posted on: April 1, 2020

കൊച്ചി: കോവിഡ് 19-നെതിരായ പോരാട്ടത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2,56,000-ഓളം വരുന്ന ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കും. എസ് ബി ഐ  ജീവനക്കാരുടെ കൂട്ടായ ഈ ശ്രമത്തിന്റെ ഭാഗമായി പിഎം കെയേഴ്സ് ഫണ്ടിലേക്കു 100 കോടി രൂപയുടെ സംഭാവനയാകും നല്‍കുക.

എസ് ബി ഐ യുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തെ ലാഭത്തിന്റെ 0.25 ശതമാനം കോവിഡ്19-ന് എതിരായ പോരാട്ടത്തിനായി നല്‍കുമെന്ന് കഴിഞ്ഞയാഴ്ച  എസ് ബി ഐ പ്രഖ്യാപിച്ചിരുന്നു.

തങ്ങളുടെ എല്ലാ ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്കു നല്‍കാന്‍ സ്വമേധയാ മുന്നോട്ടു വന്നത് എസ് ബി ഐ യെ സംബന്ധിച്ച് അഭിമാനാര്‍ഹമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.