സംസ്ഥാനത്ത് 24 പേർ ചികിത്സയിൽ ; നിരീക്ഷണത്തിലുള്ളത് 12,470 പേർ

Posted on: March 16, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് രണ്ടും കാസർഗോഡ് ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള കൊറോണബാധിതരുടെ എണ്ണം 24 ആയി. 12,470 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 270 പേർ ആശുപത്രികളിലാണ്.

ഇനി വിദേശത്ത് പോകുന്നലർക്കും കൊറോണ പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ തിക്കും തിരക്കും ഒഴിവാക്കാനും നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിൽ കൂടുതൽ ആളുകൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. ഹസ്തദാനം, ആലിംഗനം തുടങ്ങിയവ ഒഴിവാക്കണം.

വ്യാപാരമേഖല നിർജ്ജീവമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. സാമൂഹ്യ ജീവിതം സ്ഥംഭിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.