ഫാക്ടില്‍ റെക്കോഡ് ഉത്പാദനവും വില്‍പനയും

Posted on: January 25, 2020

കൊച്ചി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ വളം ഉത്പാദനത്തിലും വില്‍പനയിലും റെക്കോര്‍ഡ്. ഈ കാലഘട്ടത്തില്‍ ഫാക്ടംഫോസ് ഉത്പാദനം 6.33 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഉത്പാദനലക്ഷ്യം 5.09 ലക്ഷം ടണ്ണായിരുന്നു. വില്‍പനയാകട്ടെ 6.18 ലക്ഷം ടണ്ണും.

അമോണിയം സള്‍ഫേറ്റ് ഉത്പാദന ലക്ഷ്യം 1.32 ലക്ഷം ടണ്ണായിരുന്നെങ്കിലും 1.58 ലക്ഷം ടണ്‍ ഉത്പാദിപ്പിക്കാനായി. 1.67 ലക്ഷം ടണ്‍ വില്‍പ്പനയും നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫാക്ടംഫോസ് ഉത്പാദനത്തില്‍ 47 ശതമാനവും അമോണിയം സള്‍ഫേറ്റ് ഉത്പാദനത്തില്‍ 82 ശതമാനവും വര്‍ധനയുണ്ടായി. വില്‍പ്പനയില്‍ യഥാക്രമം 31 ശതമാനവും 51 ശതമാനവുമാണ് വര്‍ധന.

ഈ കാലഘട്ടത്തില്‍ കമ്പനിക്ക് 12.66 കോടി രൂപ അറ്റാദായമുണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലഘട്ടത്തെ ലാഭം 6.26 കോടി രൂപ ആയിരുന്നു. അതിനു മുമ്പത്തെ വര്‍ഷമാകട്ടെ 49.77 കോടി രൂപ നഷ്ടമായിരുന്നു.

TAGS: FACT |