കൊച്ചിയില്‍ പ്രസ്റ്റീജ് ഗ്രൂപ്പുമായി സഹകരിച്ച് മാരിയറ്റ് ട്രിബ്യൂട്ട് പോര്‍ട്ട്‌ഫോളിയോ ഹോട്ടല്‍ വരുന്നു

Posted on: December 4, 2019

ബെംഗളൂരു: കൊച്ചിയില്‍ അടക്കം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആറ് ആഡംബര ഹോട്ടലുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മാരിയറ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ പ്രസ്റ്റീജ് ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഇരുകമ്പനികളും ഒപ്പു വച്ചു. ഡബ്ല്യു, ജെ ഡബ്ല്യൂ മാരിയറ്റ്, ട്രിബ്യൂട്ട് ഫോര്‍ട്ട്‌ഫോളിയോ, മോക്‌സി എന്നീ നാലു ബ്രാന്‍ഡുകളിലുള്ള ഹോട്ടലുകളാണ് ഇന്ത്യയില്‍ എത്തുക.

കൊച്ചിയിലെ മരടില്‍ 2022 തുറക്കുന്ന ഹോട്ടല്‍, ട്രിബ്യൂട്ട് പോര്‍ട്ട്‌ഫോളിയോ ബ്രാന്‍ഡിലുള്ളതായിരിക്കും. 2021 നും 2025 നും ഇടയില്‍ ആറ് ഹോട്ടലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. ഇതോടെ മാരിയറ്റിന് നാല് ബ്രാന്‍ഡുകളിലായി ആയിരത്തിനടുത്ത് പുതിയ റൂമുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കാനാവും. കൊച്ചി കൂടാതെ ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളിലാണ് മാരിയറ്റിന്റെ ഹോട്ടലുകള്‍ ഉയരുക.

പതിനാറ് ബ്രാന്‍ഡുകളിലായി 120 ഹോട്ടലുകള്‍ നടത്തിവരുന്ന ഞങ്ങള്‍ക്ക് മോക്‌സി ബ്രാന്‍ഡിനെ ഹോട്ട വ്യവസായ രംഗത്തെ മുന്‍നിരക്കാരായ പ്രസ്റ്റീജ് ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയ്ക്ക് പുതുതായി പരിചയപ്പെടുത്തുന്നതില്‍ ഏറെ സന്തോഷമുണ്ട്- മാരിയറ്റ് ഇന്റര്‍നാഷണല്‍ ഏഷ്യ പസിഫിക് പ്രസിഡന്റ് രാജീവ് മേനോന്‍ പറഞ്ഞു.

യുവതലമുറയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള സേവനം നല്‍കും വിധം രൂപകല്‍പ്പന ചെയ്ത ബ്രാന്‍ഡാണ് മാരിയറ്റ് ഇന്റര്‍നാഷണലിന്റെ മോക്‌സി. ചെന്നൈയിലും ബെംഗളൂരുവിലും 2024 ഓടെ മോക്‌സി ബ്രാന്‍ഡ് ഹോട്ടലുകള്‍ പ്രവര്‍ത്തന സജ്ജമാകും.

TAGS: Marriott | Prestiage |