വോഡഫോൺ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Posted on: November 20, 2014

Vodafone-India-Logo-big

സാമൂഹിക മാറ്റത്തിനായി മൊബൈൽ സാങ്കേതികത ഫലപ്രദമായി വിനിയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് വോഡഫോൺ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മൊബൈൽ ഫോർ ഗുഡ് അവാർഡുകൾ വിതരണം ചെയ്തു. വിവിധ മേഖലകളിലായി ആറു സ്ഥാപനങ്ങളാണ് പുരസ്‌കാരത്തിന് അർഹമായത്. അഞ്ചു സ്ഥാപനങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. 12 ലക്ഷം രൂപയാണ് ഓരോ ജേതാക്കളുടെയും സമ്മാനത്തുക.

കാർഷികം, പരിസ്ഥിതി വിഭാഗത്തിൽ ഡൽഹി ആസ്ഥാനമായ സെൽഫ് റിലയന്റ് ഇനിഷ്യറ്റിവ്‌സ് ത്രൂ ജോയിന്റ് ആക്ഷൻ (ശ്രീജൻ) ആണ് പുരസ്‌കാരത്തിന് അർഹമായത്. മൊബൈൽ ഫോൺ ഉപയോഗിച്ച് സോയ ബീൻ കൃഷിയുടെ ഉത്പാദനത്തിലും വിതരണത്തിലും കാര്യക്ഷമതയിലും കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. ആരോഗ്യമേഖലയിൽ ടിവി കോണ്ടാക്റ്റ് ട്രെയ്‌സിങ്ങ് ആൻഡ് ആക്ടീവ് കെയ്‌സ് ഫൈൻഡിംഗ്

സോഫ്റ്റ്‌വേറായ ഓപറേഷൻ ആശയ്ക്കാണ് പുരസ്‌കാരം. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കായി ആരോഗ്യസഖി ആപ്ലിക്കേഷൻ രൂപപ്പെടുത്തി കാര്യക്ഷമമായി വിനിയോഗിച്ചതിനാണ് മുംബൈ ആസ്ഥാനമായ സ്വയം ശിക്ഷൺ പ്രയോഗിന് പുരസ്‌കാരം ലഭിച്ചത്. നേത്രപരിചരണ രംഗത്തെ നേട്ടങ്ങൾക്ക് കാഞ്ചി കാമകോടി മെഡിക്കൽ ട്രസ്റ്റും പുരസ്‌കാരം നേടി.

സ്ത്രീ ശാക്തീകരണ വിഭാഗത്തിൽ കൊച്ചു പെൺകുട്ടികൾക്കെതിരായ ഗാർഹികാതിക്രമങ്ങൾ തടയുന്നതിൽ പ്രധാന പങ്കുവഹിച്ച സ്‌നേഹ (സൊസൈറ്റി ഫോർ ന്യൂട്രിഷൻ എഡ്യുക്കേഷൻ ആൻഡ് ഹെൽത്ത് ആക്ഷൻ) പ്രോജക്ടിനാണ് പുരസ്‌കാരം. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സിറ്റിസൺ കണക്ട് എസ്എംഎസ് സംവിധാനം ഏർപ്പെടുത്തിയ സൂററ്റ് മുൻസിപ്പൽ കോർപറേഷന് ഗവേണൻസ് മേഖലയിലെ പുരസ്‌കാരം ലഭിച്ചു.

കൂടാതെ ജയലക്ഷ്മി അഗ്രോടെക്, ചിൻ ഇന്ത്യ, ഇൻഫോക്രാഫ്റ്റ്‌സ് വെബ് സൊല്യൂഷൻസ്, ടെക് സർവീസസ്, ദിമഗി സോഫ്റ്റ് വേർ ഇന്നൊവേഷൻസ്, എന്നിവയും പ്രത്യേക പുരസ്‌കാരങ്ങൾ നേടി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നാസ്‌കോം പ്രസിഡന്റും മുൻ കേന്ദ്ര ടെലികോം സെക്രട്ടറിയുമായ ആർ. ചന്ദ്രശേഖർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.