കാൻസർ രജിസ്ട്രി അനിവാര്യമെന്ന് കാൻസർ കെയർ കോൺക്ലേവ്

Posted on: November 9, 2014

Aster-Cancer-Conclave-Kochi

ഇന്ത്യയിലെ അർബുദ രോഗ ബാധിതരുടെ സൂക്ഷ്മ വിവരങ്ങൾ ഉൾക്കൊള്ളുന്ന കാൻസർ രജിസ്ട്രി യാഥാർത്ഥ്യമാകാൻ ഇനിയും വൈകരുതെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന അന്താരാഷ്ട്ര കാൻസർ കെയർ കോൺക്ലേവ് അഭിപ്രായപ്പെട്ടു. രോഗ പ്രതിരോധവും ചികിത്സയും പരമാവധി കാര്യക്ഷമമാക്കാൻ ഇതാവശ്യമാണെന്ന് ആസ്റ്റർ മെഡ്‌സിറ്റി സി ഇ ഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. കാൻസർ ചികിത്സയിലെ പുതിയ ചക്രവാളങ്ങൾ എന്ന വിഷയത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയിൽ സംഘടിപ്പിച്ച കോൺക്ലേവിൽ 150 ലേറെ വിദഗ്ധർ പങ്കെടുത്തു.

രണ്ടു തവണ യു എസ് ലാസ്‌കർ പുരസ്‌കാരം നേടിയ ഡോ. റോബർട്ട് ഗലോ വിവിധ തരം വൈറസ് ബാധയും അർബുദവുമായുള്ള ബന്ധത്തെപ്പറ്റി വിശദീകരിച്ചു. മജ്ജ മാറ്റിവയ്ക്കലിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾക്കിടയാക്കിയ മെഡിക്കൽ ഓങ്കോളജിസ്റ്റും ബോൺ മാരോ ട്രാൻസ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. നീൽ ഫ്‌ലോമൻബർഗ് ചികിത്സാ രംഗത്തെ ആധുനിക പ്രവണതകളും അനുഭവങ്ങളും പങ്കുവച്ചു.

ഇന്ത്യയിൽ പ്രതിവർഷം കണ്ടെത്തുന്ന അർബുദ ബാധയുടെ എണ്ണം ഒരു ദശലക്ഷത്തോളമായിട്ടുണ്ടെന്ന് ആമുഖ പ്രസംഗത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. 2035 ആകുമ്പോഴേക്കും വർഷം തോറും അർബുദ രോഗത്താൽ മരിക്കുന്നവർ 1.2 ദശലക്ഷമാകുമെന്നും കണക്കാക്കപ്പെടുന്നു. ഈ രംഗത്തെ ഏറ്റവും ഫലപ്രദവും ആധുനികവുമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ആസ്റ്റർ മെഡ്‌സിറ്റിയിൽ വൈകാതെ ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഹരീഷ് പിള്ള, ഡോ. എം.വി പിള്ള എന്നിവർ കോൺക്ലേവിന് നേതൃത്വം നൽകി.