ആഗോള കാർഷിക സംഗമം ഇനി മുതൽ എല്ലാ വർഷവും

Posted on: November 8, 2014

Global-Agro-meet-Closing-ce

ആഗോള കാർഷിക സംഗമം ഇനി മുതൽ എല്ലാ വർഷവും സംഘടിപ്പിക്കുമെന്നും കൃഷിമന്ത്രി കെ.പി. മോഹനൻ പറഞ്ഞു. അങ്കമാലിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തവർഷത്തെ ഗ്ലോബൽ അഗ്രോ മീറ്റ് അങ്കമാലിയിൽ തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ തനതായ ഔഷധമൂല്യമുള്ള നെല്ലിനങ്ങളും മറ്റു ഉത്പന്നങ്ങളും വിപുലമായി വിപണനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അഗ്രോ മീറ്റിന് മുന്നോടിയായി ദോഹയിൽ നടത്തിയ സംരംഭക ശില്പശാലയിൽ നാനൂറോളം സംരംഭകർ പങ്കെടുക്കുകയും അവരിൽ നിന്ന് 150 ഓളം അപേക്ഷകൾ ലഭിക്കുകയും ചെയ്തിരുന്നു. ഇവർക്ക് സംരംഭം തുടങ്ങുന്ന അവസരത്തിൽ മാത്രം നാട്ടിൽ വരാവുന്ന വിധത്തിൽ ഏകജാലക സംവിധാനത്തിലൂടെ ലൈസൻസുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.

സ്വയം കർഷകനാണെങ്കിൽ അഭിമാനിക്കുന്നുവെന്നും വിലക്കയററം ഉണ്ടാകുമ്പോൾ ക്ഷുഭിതരാകുന്ന പൊതുസമൂഹം കാർഷികോത്പനങ്ങളുള്ള വില ഇടിയുമ്പോൾ പ്രതികരിക്കുന്നില്ല എന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു ഗവർണർ പി. സദാശിവം പ്രസ്താവിച്ചു. ചടങ്ങിൽ ജൈവ കർഷക ഡയറക്ടറി ഗവർണർ പ്രകാശനം ചെയ്തു.

നെതർലൻഡ്, ജർമനി, ഫ്രാൻസ്, ഇററലി, വിയറ്റ്‌നാം, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ബിസിനസ് മീറ്റിൽ പങ്കെടുത്തു. 280 ഓളം അന്താരാഷ്ട്ര തലത്തിലുള്ള ബിസിനസ് ചർച്ചകൾക്ക് വേദിയൊരുങ്ങി. ഇത് മുൻവർഷത്തേക്കാൾ ഇരട്ടിയിലധികമാണ്. കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്ത് ജൈവ ഗ്രാമം ആക്കുന്നതിനുള്ള സംയുക്ത കരാറിൽ പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്തും ഭക്ഷിണ കൊറിയയിലെ ഗോസാൻ കൗണ്ടി മേയറായ ലിം-കാക്-സൂവും ഒപ്പു വച്ചു.

ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ഡോ. കെ. പ്രതാപൻ, കൃഷി ഡയറക്ടർ ആർ. അജിത്കുമാർ, കൃഷി അഡീഷണൽ ഡയറക്ടർ വി.വി. പുഷ്പാംഗദൻ, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോർജ്, അങ്കമാലി മുനിസിപ്പൽ ചെയർമാൻ ബെന്നി മൂഞ്ഞേലിൽ, ജോസ് തെറ്റയിൽ എന്നിവർ പ്രസംഗിച്ചു.