പരിസ്ഥിതിയെ നേട്ടമാക്കി മാറ്റണമെന്ന് രാധാ മോഹൻ സിംഗ്

Posted on: November 6, 2014

Global-Agro-Meet-Inaugurati

കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതിയെ നേട്ടമാക്കി മാറ്റണമെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി രാധ മോഹൻ സിംഗ് അഭിപ്രായപ്പെട്ടു. കൃഷി വകുപ്പും കെഎസ്‌ഐഡിസിയും സിഐഐയും ചേർന്ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ആഗോള കാർഷിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാലാവസ്ഥയിലെ വ്യതിയാനം കാർഷികവിളകളെ ബാധിക്കും. ജനസംഖ്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം നൽകാനായി എല്ലാ കാലാവസ്ഥകൾക്കും അനുയോജ്യമായ വിളകൾ വികസിപ്പിക്കേണ്ടതുണ്ട്.’ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ന് സാങ്കേതികവിദ്യയില്ലാതെ കൃഷി സാധ്യമല്ല. ഗവേഷണസ്ഥാപങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന അറിവ് പാടത്തെ കർഷകനും ലഭ്യമാക്കുകയും വേണം’ അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കർഷകർക്ക് ആത്മവിശ്വാസം പകരുകയാണ് മീറ്റിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ കാഴ്ചവെക്കുന്നതിനോടൊപ്പം കാർഷിക രംഗത്തെ സാങ്കേതികവിദ്യകൾ, പദ്ധതികൾ എന്നിവയെക്കുറിച്ചറിയാനുള്ള അവസരംകൂടിയാണ്. കൃഷി, അഗ്രി പ്രോസസിംഗ് തുടങ്ങിയ മേഖലകളിൽ പുതുമയാർന്ന രീതികൾ സംസ്ഥാന പിന്തുടരുകയാണെന്ന് നീരയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം അറിയിച്ചു.

കേരളത്തിൽ ഉപഭോഗം ചെയ്യുന്ന പഴം-പച്ചക്കറിയിൽ കൂടുതലും വരുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം വർധിപ്പിക്കാൻ വെജിറ്റബിൾ ഡെവലപ്‌മെന്റ് സ്‌കീം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോഗത്തിന്റെ 50 ശതമാനം സംസ്ഥാനത്തിനുള്ളിൽ നിന്നു തന്നെ ഉത്പാദിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ സംരംഭങ്ങളുമായി യുവ സംരംഭകർ വരികയാണെങ്കിൽ സർക്കാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം 2016 ഓടുകൂടി ജൈവകൃഷിയിലേക്ക് പൂർണമായും മാറുമെന്ന് ചടങ്ങിൽ സ്വാഗതപ്രസംഗം നിർവഹിച്ച കൃഷി വകുപ്പ് മന്ത്രി കെ പി മോഹനൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ഹൈടെക് കൃഷിയുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഹോർട്ടികൾച്ചർ, പന്നിവളർത്തൽ, ഡയറി മേഖലയിൽ 3 മികവിന്റെ കേന്ദ്രങ്ങൾ കേരളത്തിൽ സ്ഥാപിക്കുമെന്ന് നെതർലാൻഡ്‌സ് അംബാസഡർ അൽഫോൺസസ് സ്‌റ്റോലിങ്ക അറിയിച്ചു. എക്്‌സൈസ്-ഫിഷറീസ് മന്ത്രി കെ ബാബു, ഐസിസിഒഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് കുമാർ മേനോൻ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

മന്ത്രി അനൂപ് ജേക്കബ്, എംഎൽഎമാരായ ജോസ് തെറ്റയിൽ, ടിയു കുരുവിള, അൻവർ സാദത്ത് എന്നിവരും ബാംഗ്ലൂരിലെ ജർമൻ കോൺസുലേറ്റ് കോൺസൽ ജനറൽ ജോൻ റോഹ്‌ഡേ, നൻബെർഗ് മെസെ ഇന്ത്യ എംഡി സോണിത പ്രഷാർ, എൻഡിഡിബി ചെയർമാൻ ടി നന്ദകുമാർ, ഫെഡറൽ ബാങ്ക് എംഡിയും സിഐഐ ചെയർമാനുമായ ശ്യാം ശ്രീനിവാസൻ, കോറിയ ഗോസാൻ കൗണ്ടി മേയർ ലിം കാക് സൂ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ സുബ്രത ബിശ്വാസ്, കൃഷി ഡയറക്ടർ ആർ അജിത് കുമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ, ബിജെപി നേതാവ് എം ടി രമേശ് എന്നിവർ ആശംസകളർപ്പിച്ചു. കൃഷി സെക്രട്ടറി ഡോ രാജൻ കോബ്രഗഡെ നന്ദി പറഞ്ഞു.