ഗ്ലോബൽ അഗ്രോ മീറ്റിന് നാളെ തുടക്കം

Posted on: November 4, 2014

Global-Agro-meet-Logo-small

സംസ്ഥാന കൃഷി വകുപ്പും കെഎസ്‌ഐഡിസിയും സിഐഐയും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ അഗ്രോ മീറ്റ് നവംബർ ആറിന് വ്യാഴാഴ്ച ആരംഭിക്കും. മൂല്യവർധിത കൃഷിയും ഭക്ഷ്യസംസ്‌കരണവും എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും ഉൾപ്പെടുന്ന സംഗമം നവംബർ 8 വരെ അങ്കമാലി ആഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിലാണ് സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ അഗ്രോ മീറ്റ് നാളെ രാവിലെ പത്തിന് കേന്ദ്ര കൃഷി മന്ത്രി രാധമോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ കെ. പി. മോഹൻ, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, ഷിബു ബേബി ജോൺ, കെ. ബാബു, വി. കെ. ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, എംപിമാരായ ഇന്നസെന്റ്, പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, പി. രാജീവ്, ജോസ് തെറ്റയിൽ എംഎൽഎ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷ്ണർ സുബ്രത ബിശ്വാസ് ഐഎഎസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.

ഡോ. എം.എസ്. സ്വാമിനാഥൻ, നെതർലൻഡ്‌സ് അംബാസഡർ അൽഫോൺസ് സ്‌റ്റോലിങ്ക തുടങ്ങിയവർ പങ്കെടുക്കും. 9 സെഷനുകളിലായി 50 ലേറെ വിദഗ്ധർ പ്രഭാഷണം നടത്തും. ജൈവ-കാർഷിക മേഖലയുമായി ബന്ധപ്പെട്ട 150 ലേറെ സ്റ്റാളുകളും മേളയിലുണ്ടാകും. നെതർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സ്റ്റാളുകൾ മേളയുടെ പ്രത്യേകതയാണ്.