ഡോ. ബേസിൽ ജോൺ തോമസിന് അന്തർദേശീയ പുരസ്‌കാരം

Posted on: June 10, 2019

മസ്‌കറ്റ് : ഒമാനിലെ സൂർ സർവകലാശാലയിലെ ഹ്യൂമൻ റിസോഴ്സ് പ്രഫസറായ ഡോ. ബേസിൽ ജോൺ തോമസിന് മാനേജ്‌മെൻറ് രംഗത്തെ അധ്യാപന മികവിന് മൂന്ന് അന്തർദേശീയ പുരസ്‌കാരങ്ങൾ. വേൾഡ് ഫെഡറേഷൻ ഓഫ് അക്കാദമിക് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടും സിഎംഒ ഏഷ്യയും ചേർന്ന് നൽകുന്ന മികച്ച അധ്യാപകനുള്ള അവാർഡും ഗ്ലോബൽ ഔട്ട് റീച്ച് റിസർച്ച് എഡ്യൂക്കേഷണൽ അവാർഡും ലഭിച്ചതിന് പുറമേ, മാനേജ്‌മെൻറ് വിദ്യാഭ്യാസ രംഗത്തെ മികച്ച നൂറു പ്രഫസർമാരിൽ ഒരാളായും ഡോ. ബേസിൽ തെരഞ്ഞെടുക്കപ്പെട്ടു.

അടൂർ ആനന്ദപ്പള്ളി തൊണ്ടലിൽ പരേതനായ പ്രഫസർ തോമസ് ജോണിന്റെ മകനാണ് ഡോ. ബേസിൽ. നാലുവർഷം മുമ്പാണ് ഡോ. ബേസിൽ ജോൺ ഒമാനിലെ സൂർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിചേർന്നത്.

കഴിഞ്ഞദിവസം അബുദാബിയിൽ നടന്ന ചടങ്ങിൽ വേൾഡ് എഡ്യൂക്കേഷൻ കോൺഗ്രസ് ഫൗണ്ടർ ആർ.എൽ. ഭാട്ടിയ വേൾഡ് ഫെഡറേഷൻ ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ബേസിലിനു സമ്മാനിച്ചു.

ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഔട്ട് റീച്ച് റിസർച്ച് എഡ്യൂക്കേഷൻ പുരസ്‌കാരവും ഡോ. ബേസിൽ ഏറ്റുവാങ്ങി. മാനേജ്‌മെൻറ് വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രഫസർക്കുള്ള അംഗീകാരം ജൂലൈയിൽ മുംബൈയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങും.