എസ് ബി ഐ യുടെ ദേശീയ മെഗാ കസ്റ്റമര്‍ മീറ്റ് 28 ന്

Posted on: May 24, 2019

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദേശീയ തലത്തില്‍ 28ന് മെഗാ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നു. സേവനങ്ങള്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവം ഉയര്‍ത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം.

സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് 29 കേന്ദ്രങ്ങളില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാം. ഇതിലൂടെ രാജ്യത്തുടനീളമുള്ള 17 പ്രാദേശിക ഹെഡ് ഓഫീസുകളുടെ കീഴില്‍ വരുന്ന 500 സ്ഥലങ്ങളിലായി ഒരു ലക്ഷം ഉപഭോക്താക്കളെ പങ്കെടുപ്പിക്കുകയാണ് എസ്ബിഐ ലക്ഷ്യം. ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ പങ്കെടുക്കും.

ഈ മീറ്റിംഗുകളിൽ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ സ്റ്റാഫുമായി സംവദിക്കാം. ബാങ്കിന്റെ സേവനങ്ങളെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചുമുള്ള ഉപഭോക്താക്കളുടെ ആശങ്കകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാം. സുരക്ഷിതവും തടസമില്ലാത്തതുമായ ബദല്‍ ബാങ്കിങ് ചാനലുകളെ കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കള്‍ക്ക് ക്ലാസെടുക്കും.

ഏത് ഇടപാടും നടത്താവുന്ന ഡിജിറ്റല്‍ ബാങ്കിംഗും ലൈഫ്‌സ്റ്റൈല്‍ പ്ലാറ്റ്‌ഫോമുമായ യോനോ എസ്ബിഐയുടെ സവിശേഷതകളും സൗകര്യങ്ങളും ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തും. 2017 നവംബറില്‍ അവതരിപ്പിച്ച എസ് ബി ഐ യോനോ ഇതിനകം രണ്ടു കോടി ഡൗണ്‍ലോഡുകള്‍ നേടി. ഉപയോക്താക്കളില്‍ നിന്നും മികച്ച സ്വീകരണം തുടരുന്നുമുണ്ട്.

ഉപഭോക്താക്കള്‍ക്കായി ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മെഗാ മീറ്റിലേക്ക് ഉപഭോക്താക്കളുടെ സജീവമായ പങ്കാളിത്തം ഉറ്റുനോക്കുകയാണെന്നും ബ്രാഞ്ചുകള്‍ അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഞങ്ങളെ സഹായിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്തുന്നതില്‍ എസ് ബി ഐ എന്നും പ്രതിജ്ഞാബദ്ധമാണെന്നും എസ് ബി ഐ 
റീട്ടെയ്ൽ & ഡിജിറ്റല്‍ ബാങ്കിംഗ്  എംഡി പി. കെ. ഗുപ്ത പറഞ്ഞു.