ശ്രീലങ്കൻ സ്‌ഫോടനപരമ്പര ; കൊല്ലപ്പെട്ടവരിൽ നാല് ഇന്ത്യക്കാർ

Posted on: April 21, 2019

കൊളംബോ : ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഇന്നുണ്ടായ സ്‌ഫോടനപരമ്പരയിൽ മലയാളി ഉൾപ്പടെ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സൂചന. ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവർ മരണമടഞ്ഞതായി കൊളംബോയിലെ ഇന്ത്യൻ എംബസിയെ ഉദ്ധരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

കാസർഗോഡ് മൊഗ്രാൽപുത്തൂർ സ്വദേശി റസീന (58) കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ദുബായിൽ താമസിക്കുന്ന റസീന സഹോദരനെയും ബന്ധുക്കളെയും കാണാൻ കൊളംബോയിൽ എത്തിയതായിരുന്നു. ഭർത്താവ് അബ്ദുൾഖാദർ കുക്കാടി ഇന്നു രാവിലെ കൊളംബോയിൽ നിന്ന് ദുബായിലേക്ക് പോയിരുന്നു. ദുബായിൽ എത്തിയ ഉടനെ സ്‌ഫോടനവാർത്തയറിഞ്ഞ് മടങ്ങി. ഇവരുടെ രണ്ട് മക്കളും അമേരിക്കയിലാണ്.

ശ്രീലങ്കയ്ക്ക് എല്ലാ സഹായവും നൽകാൻ ഇന്ത്യ തയാറാണെന്ന് സുഷമ സ്വരാജ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി തിലക് മാരാപാനയെ അറിയിച്ചു. കൊളംബോയിലേക്ക് മെഡിക്കൽ സംഘങ്ങളെ അയയ്ക്കാനും ഇന്ത്യ സന്നദ്ധമാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.