ശ്രീലങ്കയിൽ സ്‌ഫോടന പരമ്പര ; മരണം 207 കവിഞ്ഞു

Posted on: April 21, 2019

കൊളംബോ : ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഇന്നു രാവിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ഹോട്ടലുകളും ഉൾപ്പടെ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. നാനൂറിലേറെപ്പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ അൻപതോളം പേർ വിദേശികളാണെന്നാണ് സൂചന.

കാസർഗോഡ് മൊഗ്രാൽപുത്തൂർ സ്വദേശിനിയും റസീന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ദുബായിൽ താമസിക്കുന്ന റസീന കൊളംബോയിലുള്ള ബന്ധുക്കളെ കാണാൻ എത്തിയതായിരുന്നു. നടി രാധിക ശരത്കുമാർ തലനാരിഴയ്ക്കാണ് സ്‌ഫോടനത്തിൽ നിന്നും രക്ഷപ്പെട്ടത്. സിനാമൺ ഗ്രാൻഡ് ഹോട്ടലിൽ താമസിക്കുകയായിരുന്നു രാധിക. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നു വൈകുന്നേരം ആറു മുതൽ നാളെ രാവിലെ ആറുവരെ ശ്രീലങ്കയിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈസ്റ്റർ ശുശ്രൂഷകൾക്കിടെ പ്രാദേശിക സമയം രാവിലെ 8.45 ന് ആണ് പള്ളികളിൽ സ്‌ഫോടനമുണ്ടായത്. ഷാംഗ്രില, സിനാമനൺ ഗ്രാൻഡ്, കിംഗ്‌സ് ബെറി എന്നീ ഹോട്ടലുകളുമാണ് സ്‌ഫോടനമുണ്ടായത്.