ടോറസ് ഡൗൺടൗൺ എംഒയു മൂന്നുമാസത്തിനുള്ളിൽ

Posted on: September 26, 2014

TAURUS-Logo-smallജർമ്മൻ-അമേരിക്കൻ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സിന്റെ മെഗാ ഐടി ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായ ടോറസ് ഡൗൺടൗണിന് സംസ്ഥാന സർക്കാരിന്റെ അന്തിമാനുമതി ലഭിച്ചു. 1,200 കോടി രൂപയാണ് മുതൽമുടക്ക്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ടോറസ് ഡൗൺടൗണിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഒരു മാസത്തിനുള്ളിൽ ആരംഭിച്ചേക്കുമെന്ന് ടോറസ് ഇന്ത്യ എംഡി അജയ് പ്രസാദ് പറഞ്ഞു.

സംസ്ഥാന സർക്കാരുമായി മൂന്നുമാസത്തിനുള്ളിൽ ധാരണാപത്രം (എംഒയു) ഒപ്പുവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ലോഞ്ചിംഗ് അടുത്തവർഷം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐടി ആവശ്യങ്ങൾക്കായി 20 ലക്ഷം ചതുരശ്രയടിയും ഐടിഇതര മേഖലകൾക്കായി 12 ലക്ഷം ചതുരശ്രയടിയും നിർമാണപ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്. പദ്ധതി പൂർത്തിയാകുമ്പോൾ 25,000 പേർക്കു നേരിട്ടും ഇതിന്റെ മൂന്ന് ഇരട്ടി ആളുകൾക്ക് അല്ലാതെയും തൊഴിൽ ലഭിക്കുമെന്നും അജയ്പ്രസാദ് കൂട്ടിച്ചേർത്തു.