ടെക്‌നോപാർക്ക് വികസനത്തിന് 998 കോടി

Posted on: August 26, 2015

Technopark-Bhavani-Trivandr

തിരുവനന്തപുരം : ടെക്‌നോപാർക്കിന്റെ അടുത്ത അഞ്ചുവർഷത്തെ  വികസനത്തിന് ആവശ്യമായ 997.65 കോടി രൂപയ്ക്കുള്ള സംസ്ഥാന സർക്കാർ
ഭരണാനുമതി നൽകി. 201516 മുതൽ 2019 – 20 വരെ കാലയളവിലേക്കാണ് ഈ തുക. ടെക്‌നോപാർക്കിന്റെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങൾ, ടെക്‌നോസിറ്റി, കൊല്ലം ടെക്‌നോപാർക്ക് എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സ്ഥലമെടുപ്പിനും വിപണന പ്രവർത്തനങ്ങൾക്കുമായാണ് തുക അനുവദിച്ചത്.

2015-16 ധനകാര്യ വർഷം ടെക്‌നോപാർക്കിന് 69 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2016-17: 285 കോടി, 2017-18: 205 കോടി, 2018-19: 211 കോടി, 2019-20: 208 കോടിയും ചെലവഴിക്കും. 1990-ൽ സംസ്ഥാന സർക്കാരിന്റെ 100 ശതമാനം മുതൽമുടക്കോടെ ആരംഭിച്ച ടെക്‌നോപാർക്കിന് നിലവിൽ 1,050 കോടി രൂപയുടെ ആസ്തിയുണ്ട്. ടെക്‌നോപാർക്കിന്റെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങൾ, ടെക്‌നോസിറ്റി, കൊല്ലം ടെക്‌നോപാർക്ക് എന്നിവയാണ് ഇതിലുള്ളത്. 766 ഏക്കർ ഭൂമിയും 70.20 ലക്ഷം ചതുരശ്രയടി കെട്ടിടവുമുണ്ട്. 35 ലക്ഷം ചതുരശ്രയടി കെട്ടിടത്തിന്റെ നിർമാണം നടന്നുവരുന്നു.

സർക്കാരിന്റെ നൂറു ശതമാനം മുതൽമുടക്കിൽ രണ്ടു കമ്പനികളും 155 തൊഴിലാളികളുമായി 1990 ൽ ആരംഭിച്ച ടെക്‌നോപാർക്കിൽ ഇപ്പോൾ 350 ൽ പരം കമ്പനികളുണ്ട്. 47,000 പേർക്ക് നേരിട്ടു തൊഴിൽ നൽകി. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 56,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നു. ഏകദേശം നൂറുകോടി രൂപ നികുതിയിനത്തിൽ സർക്കാരിനു ലഭിക്കുന്നു. ടെക്‌നോപാർക്കിലെ കമ്പനികളിൽ നിന്നുള്ള വാർഷിക സോഫ്റ്റ്‌വേർ ഉത്പാദനം 12,000 കോടി രൂപയുടേയും കയറ്റുമതി 5,000 കോടി രൂപയുടേയുമാണ്. ഇവിടത്തെ കമ്പനികളുടെ വളർച്ചാനിരക്ക് 20 ശതമാനമാണ്.