പെപ്പർ ക്രിയേറ്റീവ് അവാർഡ്ദാനം ഏപ്രിലിൽ

Posted on: March 6, 2018

കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ രണ്ടാമത്തേതുമായ സർഗാത്മക പുരസ്‌കാരമായ പെപ്പർ ക്രിയേറ്റീവ് അവാർഡിന്റെ 12 ാമത് പതിപ്പ് സംഘാടകരായ പെപ്പർ ട്രസ്റ്റ് പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിലെ എല്ലാ പരസ്യ ഏജൻസികൾക്കും, മാധ്യമങ്ങൾക്കും പ്രൊഡക്ഷൻ ഹൗസുകൾക്കും, പ്രിന്റിംഗ് സ്ഥാപനങ്ങൾക്കും, ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിന് അപേക്ഷിക്കാം. ഇന്ത്യയിലെ സർഗ്ഗാത്മക മേഖലയിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ വിധികർത്താക്കൾ ആണ് പെപ്പർ 2018 നുള്ള സൃഷ്ടികൾ പരിശോധിക്കുന്നത്. മാർച്ച് 17 ആണ്എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി.

കാൻസ്, ഗോവ ഫെസ്റ്റ് തുടങ്ങിയ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ വിധി കർത്താക്കളായി കഴിവു തെളിയിച്ചവരാണ് പെപ്പർ 2018 ന്റെയും ജൂറി അംഗങ്ങൾ എന്ന് പെപ്പർ ക്രിയേറ്റീവ് അവാർഡ് ട്രസ്റ്റിന്റെ ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ചെറുതും വലുതുമായ പരസ്യ ഏജൻസികളിൽ നിന്നും 1500 ൽ പരം എൻട്രികൾ കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അദ്ദേഹം കൂട്ടിചേർത്തു.

ന്യൂഡൽഹിയിലെ ബാംഗ് ഇൻ ദി മിഡിൽ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ട്‌നറും മുഖ്യ ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതൻ ആണ് പെപ്പർ ജൂറി ചെയർമാനും മാർഗദർശിയും. ടൈഡൽ 7 ബ്രാൻഡ് ആൻഡ് ഡിജിറ്റലിന്റെ കോ ഫൗണ്ടറും, സിസിഒ യുമായ കെ.എസ്. ചക്രവർത്തി, ഹൈപ്പർ കളക്ടീവിന്റെ സ്ഥാപകനും സിസിഒ യുമായ കെ.വി ശ്രീധർ, മാഡിസൺ ബി.എം.ബി.യു.ടെ സിഇഒയും സി.സി.ഒയുമായ രാജ് നായർ, ടൈഗ്രസ്സ് ടൈഗ്രസ് എന്ന് കമ്പനിയുടെ സിഇഒയുമായ മീര ശരത്ചന്ദ്ര, പരസ്യസിനിമനിർമ്മാതാവും ഫസ്റ്റ് ഡിസംബർ ഫിലിംസിന്റെ പാർട്ടണറുമായ അതുൽ കാട്ടൂകാരനുമാണ് മറ്റ് വിധികർത്താക്കൾ. ഇന്ത്യൻ പരസ്യരംഗത്തെ കുലപതിമാരിൽ ഒരാളായ ബാൽക്കി (ആർ. ബാലകൃഷ്ണൻ) പെപ്പർ 2018 അവാർഡ് ചടങ്ങിൽ മുഖ്യപ്രഭാക്ഷകൻ ആയിരിക്കും.

ഏജൻസി ഓഫ് ദി ഇയർ, അഡ്വർടൈസർ ഓഫ് ദി ഇയർ, കോപ്പിറൈറ്റിംഗ്, ഇല്ലസ്റ്റ്രേഷൻ, ആർട്ട് ഡയറക്ഷൻ, പ്രിന്റ്, ഫിലിം, ഔട്ട്‌ഡോർ, റേഡിയോ, ഇന്റഗ്രേറ്റഡ്, ഫോട്ടോഗ്രാഫി, ടൈപ്പോഗ്രാഫി, ഡയറക്ട് മെയിലർ, ഡിസൈൻ, പബ്ലിക് സർവീസ്, സി.എസ്സ്.ആർ, ഫിലിം ക്രാഫ്ട്, റേഡിയോക്രാഫ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലും കൂടാതെ കേരളത്തിൽ നിന്നും കൂടുതൽ പേർക്ക് പങ്കെടുക്കുന്നതിനായി ജ്വല്ലറി, റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റയിൽസ്, ഹോസ്പിറ്റാലിറ്റി, ആയുർവേദ, മീഡിയ, ഹെൽത്ത് കെയർ തുടങ്ങിയ വിഭാഗങ്ങളിലുമാണ് എൻട്രികൾ ക്ഷണിക്കുന്നത്. വിജയികൾക്ക് സ്വർണ്ണം, വെള്ളി, വെങ്കല ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. കൂടുതൽ വിവരങ്ങൾക്ക് 9895660000, 98460 50589, www.pepperawards.com