നെറ്റ്ഫ്‌ളിക്‌സുമായി വീഡിയോകോൺ ഡി2എച്ച് ധാരണയിൽ

Posted on: March 7, 2017

വീഡിയോകോൺ ഡി2എച്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹിമാൻഷു പാട്ടീലും നെറ്റ്ഫ്‌ളിക്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റീഡ് ഹസ്റ്റിംഗ്‌സും ന്യൂഡൽഹിയിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ച ശേഷം.

കൊച്ചി : ലോകത്തെ മുൻനിര ഇന്റർനെറ്റ് ടെലിവിഷൻ ശൃംഖലയായ നെറ്റ്ഫ്‌ളിക്‌സുമായി വീഡിയോകോൺ ഡി2എച്ച് ധാരണയിലെത്തി. ഇതോടെ നെറ്റ്ഫിക്‌സ് ശൃംഖലയിലുൾപ്പെടുന്ന ചാനലുകളിലെ സിനിമകളടക്കമുള്ള പരിപാടികൾ വീക്ഷിക്കാൻ വീഡിയോകോൺ ഡി2എച്ച് വരിക്കാർക്ക് അവസരം ലഭിക്കും. ഇതിന് എച്ച്ഡി സ്മാർട് കണക്റ്റ് സെറ്റ് ടോപ് ബോക്‌സ് സ്വന്തമാക്കിയാൽ മാത്രം മതി.

എച്ച്ഡി സ്മാർട് സെറ്റ്‌ടോപ് ബോക്‌സിലെ നെറ്റ്ഫ്‌ളിക്‌സിന് മാത്രമായുള്ള ആപ്പ് ഉപയോഗിച്ച് നിലവിലുള്ള എതൊരു ടെലിവിഷൻ സെറ്റിനേയും സ്മാർട് ടിവിയാക്കി മാറ്റാൻ സാധിക്കുന്നു. ഇതിൽ ഹൈഡഫിനിഷനിലും സ്റ്റാൻഡേർഡ് ഡെഫിനിഷനിലുമായി 600 ലേറെ ചാനലുകളുണ്ടാവും. ഈ സെറ്റ് ടോപ് ബോക്‌സിൽ വൈഫൈ ഘടിപ്പിച്ചാൽ ഇന്റർനെറ്റ് വഴിയുള്ള എല്ലാ സേവനങ്ങളും ലഭ്യമാകുന്നതാണ്. ഇന്റർനെറ്റിനാവശ്യമായ ഏറ്റവും കുറഞ്ഞ വേഗത 2 എംബിപിഎസാണ്.

നെറ്റ്ഫ്‌ളിക്‌സുമായുള്ള സഹകരണം വീഡിയോകോൺ ഡി2എച്ച് വരിക്കാരെ ടിവി ആസ്വാദനതിന്റെ വിശാലമായ ഒരു ലോകത്തേക്കാണ് നയിക്കുന്നതെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ സൗരഭ് ധൂത് പറഞ്ഞു. നെറ്റ്ഫ്‌ളിക്‌സുമായുണ്ടാക്കിയിട്ടുള്ള ധാരണ വിപണിയിൽ വലിയ മുൻതൂക്കമാണ് വീഡിയോകോൺ ഡി2എച്ചിന് ലഭ്യമാക്കുകയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ ഖേര അഭിപ്രായപ്പെട്ടു.

വീഡിയോകോൺ ഡി2എച്ചുമായുണ്ടാക്കിയിട്ടുള്ള സഹകരണം ഇന്ത്യയിലേക്കുള്ള നെറ്റ്ഫിക്‌സിന്റെ യാത്ര സുഗമമാക്കിയിരിക്കയാണെന്ന് നെറ്റ്ഫ്‌ളിക്‌സ് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റീഡ് ഹസ്റ്റിംഗ്‌സ് പറഞ്ഞു.

TAGS: Netflix | Videocon D2H |