അനിൽ ഖേരയ്ക്ക് മാൻ ഓഫ് ഇലക്‌ട്രോണിക്‌സ് പുരസ്‌കാരം

Posted on: December 20, 2016

 

 

കൊച്ചി : വീഡിയോകോൺ ഡി2 എച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ ഖേരയ്ക്ക് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (സിയാമ) മാൻ ഓഫ് ഇലക്‌ട്രോണിക്‌സ് പുരസ്‌കാരം. രാജ്യത്തെ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് – അപ്ലയൻസസ് വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഖേര നൽകിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരത്തിന് അദേഹത്തെ തെരഞ്ഞെടുത്തത്.

ന്യൂഡൽഹിയിൽ നടന്ന സിയാമ 37 വാർഷിക യോഗത്തിൽ കേന്ദ്ര നിയമ – ഇലക്‌ട്രോണിക്‌സ് വകുപ്പ് സഹമന്ത്രി പി. പി. ചൗധരി അനിൽ ഖേരയ്ക്ക് അവാർഡ് സമ്മാനിച്ചു. രാജ്യത്തെ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന് അനിൽ ഖേര നൽകിയ സംഭാവന വിലമതിക്കാനാകാത്തതാണെന്ന് അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് സിയാമാ പ്രസിഡന്റ് മനീഷ് ശർമ പറഞ്ഞു.

കഴിഞ്ഞ 35 വർഷമായി ഇലക്‌ട്രോണിക്‌സ് വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന അനിൽ ഖേര 30 വർഷത്തിലേറെയായി വിഡിയോകോൺ ഗ്രൂപ്പിലാണ്. വീഡിയോകോൺ ഗ്രൂപ്പ് കമ്പനികളായ സാൻസൂയി, കെൽവിനേറ്റർ എന്നിവയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഖേര ഈ കമ്പനികളെ ഉയരത്തിലേക്ക് നയിക്കുന്നതിൽ വിജയം വരിച്ചു. 2008 ൽ വീഡിയോകോൺ ഡി2എച്ചിലെത്തിയ ഖേര കമ്പനിയെ മുൻ നിരയിലെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഇപ്പോൾ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഡിറ്റിഎച്ച് കമ്പനിയാണ് വീഡിയോകോൺ ഡി2എച്ച്. നാസ്ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയിലെ പ്രഥമ മീഡിയ കമ്പനിയാവാൻ അദേഹത്തിന്റെ നേതൃത്വത്തിൽ വീഡിയോകോൺ ഡി2എച്ചിന് കഴിഞ്ഞു.