ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നികുതിനിരക്ക് ഏകീകരിക്കണമെന്ന് സിഇഎഎംഎ

Posted on: May 25, 2019

ന്യൂഡൽഹി : പ്രാദേശിക ഘടകവസ്തു ഉത്പാദനത്തിന് ശക്തി പകരുവാൻ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും അവയുടെ ഘടകവസ്തുക്കൾക്കുമുള്ള നികുതിനിരക്ക് യുക്തിസഹമായി ക്രമീകരിക്കണമെന്ന് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചററേഴ്സ് അസോസിയേഷൻ (സിഇഎഎംഎ) ആവശ്യപ്പെട്ടു. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, മൊബൈൽ വ്യവസായം എന്നിവയെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിഇഎഎംഎ.

ഇലക്ട്രോണിക് വ്യവസായം ഘടകവസ്തുക്കൾക്കായി വൻതോതിൽ ഇറക്കുമതിയെ ആശ്രയിക്കുകയാണിപ്പോൾ. മേക്ക് ഇൻ ഇന്ത്യയ്ക്ക് ശക്തി പകരാനായി വൻതോതിലുള്ള നിർമാണ പദ്ധതികൾക്ക് മുൻകൈയെടുക്കണമെന്നും അസോസിയേഷൻ നിർദേശിച്ചു. എയർകണ്ടീഷണറുകളുടെ നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനവും ഫൈവ് സ്റ്റാർ മോഡലുകളുടെ നിരക്ക് 12 ശതമാനവുമായി കുറയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

രാജ്യത്തെ ഇലക്ട്രോണിക് വ്യവസായത്തിന്റെ വളർച്ചയ്ക്കു തടസമായി നിൽക്കുന്ന നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ പുനപ്പരിശോധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പുതിയ എഫ് ടി എകൾ (ഫ്രീ ട്രേഡ് എഗ്രിമെന്റ്) ഉപഭോക്തൃ കേന്ദ്രീകൃത സമ്പദ്ഘടനയ്ക്കു യോജിച്ച വിധത്തിലായിരിക്കണം.

എയർകണ്ടീഷണർ, റെഫ്രജിറേറ്റർ എന്നിവയുടെ ലേബലിംഗ്, ഇ-വേസ്റ്റ് മാനേജ്മെന്റ് തുടങ്ങിയവ സംബന്ധിച്ച അസോസിയേഷന്റെ ശുപാർശകൾ സർക്കാരിനു സമർപ്പിക്കുമെന്ന് സിഇഎഎംഎ പ്രസിഡന്റ് കമൽ നന്ദി പറഞ്ഞു. ഇല്ക്ട്രോണിക് വ്യവസായം രണ്ടു വർഷമായി കടുത്ത സമ്മർദ്ദത്തിലൂടെ കടന്നുപോവുകയാണ്. ഇതിൽ നിന്നു പുറത്തുവരുവാൻ സർക്കാരിന്റെ ശക്തമായ പിന്തുണവേണം. അതിനായി ഘടകവസ്തു ഉത്പാദന ആവാസാ വ്യവസ്ഥ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇത് പ്രാദേശിക ഉത്പാദനമേഖലയ്ക്കു പ്രോത്സാഹനമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.