ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ അത്യാധുനിക ക്യാമ്പസ് കൊച്ചിയിൽ

Posted on: December 13, 2016

ibs-soft-kochi-campus-launc

കൊച്ചി : പ്രമുഖ ഇന്ത്യൻ സോഫ്റ്റ്‌വേർ കമ്പനിയായ ഐബിഎസ് സോഫ്റ്റ്‌വേറിന്റെ കൊച്ചിയിലെ നിർദിഷ്ട ഓഫിസ് ക്യാമ്പസ് രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. കൊച്ചി ഇൻഫോപാർക്കിലാണ് ഐബിഎസിന്റ ഉടമസ്ഥതയിലുള്ള ഓഫീസ് ക്യാമ്പസ് സജ്ജമാക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാർക്കിനു ശേഷം കേരളത്തിലെ ഐബിഎസിന്റെ രണ്ടാമത്തെ ഡെഡിക്കേറ്റഡ് ഓഫീസാണ് കൊച്ചിയിൽ സ്ഥാപിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള അഞ്ച് ഏക്കറിലായി ആറു ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന ഈ സമുച്ചയം പൂർത്തിയാകുമ്പോൾ 6000 പേർക്ക് തൊഴിലവസരമുണ്ടാകും.

തികച്ചും പരിസ്ഥിതി സൗഹാർദ്ദ രീതിയിൽ നിർമ്മിക്കുന്ന കൊച്ചിയിലെ ക്യാമ്പസിൽ ഓഡിറ്റോറിയം, ബേസ്‌മെന്റ് പാർക്കിംഗ്, കഫ്റ്റീരിയകൾ, ഓപ്പൺ തീയേറ്റർ, വിനോദോപാധികൾ തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങളും ഉണ്ടാകും. 2019 ഏപ്രിലിൽ ആദ്യ ഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി ഇൻഫോപാർക്കിലെ ഐബിഎസിന്റെ ഭൂമിയിൽ നടന്ന അനാച്ഛാദന ചടങ്ങിൽ സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, ഇൻഫോപാർക്ക് സിഇഒ ഋഷികേശ് നായർ, ഇൻഫോപാർക്കിലും ടെക്‌നോ പാർക്കിലും പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരം ടെക്‌നോപാർക്കിലെ മൂന്നു ലക്ഷത്തിലേറെ ചതുരശ്ര അടി വരുന്ന ഓഫിസ്, കൊച്ചി ഇൻഫോപാർക്ക്, ബംഗലുരുവിലെ ശാന്തിനികേതൻ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ഐബിഎസ് ഓഫിസുകളുള്ളത്. ഇതിനുനു പുറമേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, മധ്യേഷ്യ, ജപ്പാൻ എന്നിവിടങ്ങളിലും ഐബിഎസിന് ഓഫിസുകളുണ്ട്. 20 രാഷ്ട്രങ്ങളിൽ നിന്നുള്ള മൂവായിരത്തിലേറെ ജീവനക്കാരാണ് നിലവിൽ ഐബിഎസിനുള്ളത്.