ടൂൺസ് ആനിമേഷൻസിന് യുനസ്‌കോ പുരസ്‌കാരം

Posted on: November 27, 2016

toonz-animation-unesco-awar

തിരുവനന്തപുരം : ടൂൺസ് ആനിമേഷന്റെ മാജിക്കൽ പിയാനോ എന്ന ഹ്രസ്വചിത്രത്തിന് യുനസ്‌കോ സലോൺ വീഡിയോ പുരസ്‌കാരം. യുനസ്‌കോ ആഗോള തലത്തിൽ മൊറോക്കോയിൽ സംഘടിപ്പിച്ച മേളയിൽ സലോൺ ഫിലിംസ് ചെയർമാൻ ഫ്രെഡ് വോംഗിൽ നിന്നും ടൂൺസ് പ്രതിനിധി ഡോ. അവനീഷ് പുരസ്‌കാരം ഏറ്റുവാങ്ങി. യുനസ്‌കോ ഡയറക്ടർ ജനറൽ ഐറിന ബൊക്കോവ വിജയികളെ അഭിനന്ദിച്ചു.

ടൂൺസും ഡിസ്‌നിയും സംയുക്തമായി അഖിലേന്ത്യാ അടിസ്ഥാനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്ന കഹാനി മാസ്റ്റേഴ്‌സ് മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കഥയാണ് മാജിക്കൽ പിയാനോ ടൂൺസ് സ്റ്റുഡിയോയിൽ ആനിമേഷൻ വിദഗ്ദ്ധരുടെ സഹായത്തോടെ അത് ഹ്രസ്വചിത്രമാക്കുകയായിരുന്നു. കഥാപാത്രമായ കുട്ടിയ്ക്ക് ലഭിക്കുന്ന ജന്മദിന സമ്മാനമായ പിയാനോയുടെ സംഗീതത്തിന്റെ സഹായത്തോടെ കുട്ടി ലോകം മുഴുവൻ സന്തോഷത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് കഥയുടെ പ്രമേയം. ആഗ്രയിലെ 7 ാം ക്ലാസ് വിദ്യാർത്ഥി മയൂർ വർമ്മയാണ് ഈ കഥയ്ക്കു പിന്നിൽ.

21 ാം നൂറ്റാണ്ടിന്റെ ആശങ്കകളെ നോക്കി കാണുന്ന ഒരു കുട്ടിയുടെ മനസിനെ പ്രതിപാദിക്കുന്ന മാജിക്കൽ പിയാനോ കൂടുതൽ നെഞ്ചോടു ചേർത്ത് പിടിക്കേണ്ടതാണെന്ന് ടൂൺസ് ആനിമേഷൻ ഇന്ത്യാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി. ജയകുമാർ പറഞ്ഞു.

TAGS: Toonz Animation |