നോട്ട് നിരോധനം റിയൽഎസ്‌റ്റേറ്റ് മേഖലയ്ക്ക് സഹായകമെന്ന് ക്രെഡായ്

Posted on: November 25, 2016

credai-haseeb-ahamed-chairm

കൊച്ചി : അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകളുടെ നിരോധനം ദീർഘകാലാടിസ്ഥാനത്തിൽ റിയൽ എസ്‌റ്റേറ്റ് വ്യവസായ മേഖലക്ക് ഗുണകരമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് റിയൽ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് ഓഫ് ഇന്ത്യ (ക്രെഡായ്). നോട്ട് നിരോധനത്തിന്റെ ഫലമായി ഭവനവായ്പാ നിരക്കിലും ഭൂമി വിലയിലും ഉണ്ടാകാൻ പോകുന്ന കുറവ് റിയൽ എസ്‌റ്റേറ്റ് വ്യവസായത്തിൽ ഗുണപരമായ പ്രതിഫലനമുണ്ടാക്കുമെന്ന് കേരള ചാപ്റ്റർ ചെയർമാൻ കെ വി ഹസീബ് അഹമ്മദും സെക്രട്ടറി ജനറൽ ഡോ. നജീബ് സക്കറിയയും പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ ഫലമായി ഭവനവായ്പാ നിരക്കിൽ രണ്ടു ശതമാനത്തിന്റെ കുറവു സംഭവിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള ഒമ്പത് ശതമാനത്തിൽ നിന്ന് വൈകാതെ എട്ട് ശതമാനവും പിന്നീട് ഏഴ് ശതമാനവുമായി ഭവനവായ്പാ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമി വിലയിലും ഗണ്യമായ കുറവുണ്ടാകും. ഇതോടൊപ്പം ഏപ്രിൽ മാസത്തിൽ ചരക്കുസേവന നികുതി (ജി എസ് ടി) കൂടി നിലവിൽ വരുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലക്ക് കൂടുതൽ അനുകൂലമായ സാഹചര്യം ഉരുത്തിരിയുമെന്ന് ഹസീബ് അഹമ്മദ് വ്യക്തമാക്കി.

പുതിയ പ്രോജക്ടുകളുടെ എണ്ണത്തിൽ കുറവു വരുന്നതും പൂർത്തിയാക്കിയവയുടെ എണ്ണം മാർക്കറ്റിൽ ആവശ്യമുള്ളതിനേക്കാൾ കുറവാകുന്നതും മൂലം ഭാവിയിൽ അപാർട്ടമെന്റുകളുടെ നിരക്കുകൾ ഇപ്പോഴത്തേക്കാളും വർധിക്കാനാണ് സാധ്യതയെന്ന് ഡോ. നജീബ് സക്കറിയ വ്യക്തമാക്കി. കൂലി നിരക്കിലും നിർമാണ സാമഗ്രികളുടെ വിലയിലും കുറവു സംഭവിക്കാൻ സാധ്യതയില്ലാത്തതിനാൽ മൊത്തത്തിലുള്ള നിർമാണ ചെലവിൽ കുറവുണ്ടാകില്ല. നോട്ട് ക്ഷാമം തൊഴിലാളികൾക്കു കൂലി നൽകുന്നതിനെ മാത്രമാണ് ഉടനടി ബാധിക്കുക. ഇതിന്റെ പ്രത്യാഘാതം താത്ക്കാലികമായിരിക്കും. കള്ളപ്പണം ഈ മേഖലയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.