കറൻസി പിൻവലിക്കൽ ആശങ്ക വേണ്ട

Posted on: November 9, 2016

new-currency-rs-2000-big

കൊച്ചി : കേന്ദ്ര ഗവൺമെന്റ് 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതിനെ തുടർന്ന് സമൂഹത്തിലുണ്ടായ ആശങ്കകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടും. ബാങ്ക് അവധിയും എടിഎമ്മുകൾ രണ്ട് ദിവസം അടച്ചിട്ടതുമാണ് ഇന്നും നാളെയും നേരിടുന്ന പ്രതിസന്ധി.

പിൻവലിക്കപ്പെട്ട കറൻസികൾ ഇന്ത്യയിലെ എല്ലാ സർക്കാർ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, പെട്രോൾ പമ്പുകൾ, വിമാനടിക്കറ്റ് കൗണ്ടറുകൾ, മെട്രോ സ്‌റ്റേഷനുകൾ, ടോൾ പ്ലാസകൾ എന്നിവിടങ്ങളിൽ ശനിയാഴ്ച അർധരാത്രി വരെ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നവംബർ 10 മുതൽ ബാങ്ക് ശാഖകൾക്കു പുറമെ പോസ്‌റ്റോഫീസുകൾ, റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഓഫീസുകൾ എന്നിവിടങ്ങളിലും നോട്ടുകൾ മാറിയെടുക്കാൻ കഴിയും. ആദ്യഘട്ടത്തിൽ ഒരോ വ്യക്തിക്കും 4000 രൂപ വരെ ഇപ്രകാരം മാറ്റിയെടുക്കാനാകും. വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ തുടങ്ങിയ തിരിച്ചറിയൽ രേഖകളിലൊന്ന് കൈയിൽ കരുതണമെന്നു മാത്രം.

എടിഎമ്മിൽ നിന്ന് നവംബർ 18 വരെ പ്രതിദിനം 2000 രൂപ വരെ പിൻവലിക്കാനാകും. നവംബർ 19 മുതൽ പ്രതിദിനം പിൻവലിക്കാവുന്ന തുക 4000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

അക്കൗണ്ടിൽ നിന്നും ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ്, ഓൺലൈൻ ട്രാൻസ്ഫർ എന്നിവ വഴി പണം കൈമാറുന്നതിന് തടസമില്ല. നെറ്റ് ബാങ്കിംഗ്, മൊബൈൽ വാലറ്റ്, ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ എന്നിവ വഴിയുള്ള ഇടപാടുകൾക്കും നിയന്ത്രണങ്ങളില്ല. അക്കൗണ്ടിലുള്ള പണം ചെക്ക് വഴി പിൻവലിക്കാനും സാധിക്കും. പ്രതിദിനം 10,000 രൂപ വരെയും ആഴ്ചയിൽ രണ്ട് തവണയായി 20,000 രൂപയുമാണ് പിൻവലിക്കാവുന്നത്. നവംബർ 24 വരെയാണ് ഈ നിയന്ത്രണമുള്ളത്.

മുതിർന്ന പൗരൻമാർക്കും സ്ഥലത്തില്ലാത്തവർക്കും അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ മറ്റൊരാളെ രേഖാമൂലം ചുമതലപ്പെടുത്താം. ചുമതലപ്പെടുത്തുന്ന കത്തും തിരിച്ചറിയൽരേഖകളും ബാങ്കിൽ സമർപ്പിക്കേണ്ടി വരും. പ്രവാസികൾക്ക് എൻആർഒ അക്കൗണ്ട് വഴി പിൻവലിക്കപ്പെട്ട കറൻസികൾ മാറ്റിയെടുക്കാം.

TAGS: Currency Ban |